തൊടുപുഴയിലെ സംഘ കുടുംബാംഗങ്ങള്‍ കഴിഞ്ഞ മാസം 25 ന് ഈയുള്ളവന്റെ നവതിപ്രവേശം പ്രമാണിച്ച് വലിയ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കഠിനമായ ശാരീരികാസ്വാസ്ഥ്യം മൂലം എനിക്കു ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രിയിലെ ഡോക്ടര്‍ മാത്യു എബ്രഹാമിന്റെ കര്‍ശനമായ നിര്‍ദ്ദേശമനുസരിച്ച് ആശുപത്രിക്കിടക്കയില്‍നിന്ന് പരിപാടി നടന്ന സ്ഥലത്തേക്കു പോകുകയായിരുന്നു. ഡോക്ടറും സ്ഥലത്തെത്തിയിരുന്നു. ഒന്നര മണിക്കൂര്‍ മാത്രം അവിടെയിരുന്നശേഷം ആശുപത്രിയിലേക്കു തിരിച്ചുപോയി. പിന്നെയും മൂന്നു ദിവസം വേണ്ടിവന്നു വീട്ടിലെത്താന്‍. ഇപ്പോള്‍ വളരെ ആശ്വാസമായിട്ടുണ്ട്. മുടങ്ങിപ്പോയ സംഘപഥത്തില്‍ തുടര്‍ന്നും പ്രയാണം നടത്താനാവുമോ എന്ന് പരിശ്രമിക്കുകയാണ്.
2000-മാണ്ടില്‍ എളമക്കരയിലെ അമൃതാ ആശുപത്രിയില്‍ എനിക്ക് ആഞ്ജിയോപ്ലാസ്റ്റിയെന്ന ചികിത്സാവിധിക്ക് വിധേയനാകേണ്ടിവന്നിരുന്നു. അതിന് നേതൃത്വം വഹിച്ച ഡോ. ഹരിദാസ് ഞാന്‍ തൊടുപുഴയില്‍നിന്നാണ് എന്നറിഞ്ഞപ്പോള്‍ അവിടത്തെ സെന്റ് മേരീസ് ആശുപത്രിയിലെ ഡോ. മാത്യുവിന്കത്തുതരികയും അതോടൊപ്പം ആഞ്ജിയോപ്ലാസ്റ്റിയുടെ പൂര്‍ണവിവരങ്ങള്‍ കേസറ്റ് സഹിതം അദ്ദേഹത്തെ കാണിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് സ്വന്തം നാട്ടുകാരനായ ആ ഡോക്ടറെ പരിചയമായത്. ഡോ. ഹരിദാസ് ചെറുപ്പത്തില്‍ത്തന്നെ സ്വപിതാവിന് കരള്‍ പകുത്തുനല്‍കിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് അന്തരിച്ചശേഷം അമൃതയിലെ കാര്‍ഡിയോളജി വിഭാഗം തലവനായി വന്നത് കാസര്‍കോടുകാരനായ ഡോ. പ്രകാശ് കമ്മത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജീവാനന്ദ കമ്മത്ത്, ജനസംഘത്തിന്റെ സംസ്ഥാന ഖജാന്‍ജിയായിരുന്നു. അവരുടെ വസതിയില്‍ പരമേശ്വര്‍ജിയും രാജേട്ടനും മറ്റും താമസിക്കുക മാത്രമല്ല ഭാരവാഹി യോഗങ്ങള്‍വരെ നടത്താറുമുണ്ടായിരുന്നു. ഡോ. മാത്യുവും ഡോ. കാമത്തും ദല്‍ഹി എയിംസില്‍ കാര്‍ഡിയോളജിയുടെ ഉപരിപഠനത്തില്‍ സഹപാഠികളുമായിരുന്നു. ആ പൊരുത്തവും അടുപ്പവും മൂലം എന്റെ ആരോഗ്യകാര്യങ്ങളെല്ലാംതന്നെ ഡോ. മാത്യുവിനു സമര്‍പ്പിക്കുകയാണ് ചെയ്തത്.
ഡോ. പ്രകാശ് കമ്മത്ത് അമൃതയിലെ സേവനം അവസാനിപ്പിച്ച് സംന്യസ്ത ജീവിതം നയിക്കാന്‍ നിശ്ചയിച്ച വിവരം ഒരിക്കല്‍ ഡോ. മാത്യുവാണെന്നെ അറിയിച്ചത്. തന്റെ അമൃതയിലെ സേവനത്തിന്റെ അവസാനനാളില്‍ ഞാനും പത്നിയും അദ്ദേഹത്തെ കാണുവാന്‍ പോയിരുന്നു. ഞങ്ങളിരുവരുടെയും തത്കാല സ്ഥിതിയുടെ വിവരണം തയ്യാറാക്കി ഡോ. മാത്യുവിന് കൊടുക്കാന്‍ അദ്ദേഹം ഏല്‍പ്പിച്ചു. രോഗം, ചികിത്സ മുതലായ കാര്യങ്ങളില്‍നിന്ന് പൂര്‍ണമായും വിമുക്തനായി ഗുരുനാഥന്റെ സന്നിധിയില്‍ ആത്മീയ വിഷയങ്ങളില്‍ മുഴുകി കഴിയാനാണ് താന്‍ നിശ്ചയിച്ചിരിക്കുന്നതെന്നു പറഞ്ഞാണ് ഡോ. പ്രകാശ് കമ്മത്ത് ഞങ്ങളെ അയച്ചത്. അമൃതാ ആശുപത്രിയില്‍ അദ്ദേഹം അവസാനമായി പരിശോധിച്ചതും ചികിത്സ നിശ്ചയിച്ചതും ഞങ്ങളെ ആയിരുന്നു.
സെന്റ് മേരീസില്‍ ഡോക്ടര്‍ എന്റെ അസുഖ സംബന്ധമായ വിവരങ്ങള്‍ അന്വേഷിച്ചതിന്റെ ഭാഗമായി ചക്കപ്പഴം കഴിച്ചിരുന്നോ എന്നന്വേഷിച്ചു. വീട്ടുവളപ്പില്‍ കഴിഞ്ഞവര്‍ഷം നട്ടിരുന്ന ഒട്ടുപിലാവില് ഒരു ചക്ക ഉണ്ടായത് പഴുത്തതിലെ ഒരു ചുളയുടെ പകുതി കഴിച്ചു എന്നു ഞാന്‍ ഓര്‍ത്തു പറഞ്ഞു. ചക്കപ്പഴം കഴിച്ച് വയര്‍ കേടുവന്ന പലരും ചികിത്സക്കു വന്ന വിവരം ഡോക്ടര്‍ പറഞ്ഞു. വളരെ ചെറുപ്പം മുതല്‍ ചക്ക ധാരാളം കഴിച്ചു ശീലമുള്ളയാളാണു ഞാന്‍. തറവാട്ടുവീട്ടില്‍ പലതരം പ്ലാവുകള്‍ ഉണ്ടായിരുന്നു. അവയില്‍ പല വലിപ്പത്തിലും ആകൃതിയിലുമുള്ള വരിക്കയും കൂഴയുമായുള്ള ചക്കകള്‍ ധാരാളം. ഇടിച്ചക്കയായും കൊത്തച്ചക്കയായും പലതരം ഉപദംശങ്ങള്‍ വീട്ടില്‍ തയ്യാറാക്കുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്ന്നുവന്ന ഭക്ഷ്യക്ഷാമകാലം അരിയാഹാരം വളരെ പ്രയാസത്തിലായിരുന്നു. അന്നു ചക്കയും കപ്പയും നടുതല കിഴങ്ങുകളുമായിരുന്നു മുഖ്യ ഭക്ഷ്യവസ്തുക്കള്‍.
”പച്ചയ്ക്കുതിന്നു ചുളതിന്നു വരിക്കതിന്നു
ഉച്ചയ്ക്കഹോ കുളികഴിഞ്ഞൊരു ചക്കതിന്നു
അത്താഴവും പുനരങ്ങിനെ ചക്കതന്നെ
നാരായണാ! തലയിണയ്ക്കുമൊരൊത്ത ചക്കതന്നെ” എന്ന്, ഒരു അക്ഷരശ്ലോക സദസ്സില്‍ ഒരാള്‍ ചൊല്ലിയതോര്‍ക്കുന്നു.
ഒരാള്‍ ചക്കയിട്ടു പഴുക്കാന്‍ വെച്ചു. അതിനിടെ വൈക്കം ക്ഷേത്രത്തില്‍ ഭജനമിരിക്കാന്‍ പോകേണ്ടിവന്നു. ക്ഷേത്രദര്‍ശനത്തിനും പ്രദക്ഷിണത്തിനുമൊക്കെ ”വൈക്കത്തപ്പാ എന്റെ ചക്കത്തുണ്ട്” എന്നായിരുന്നുവത്രേ ജപം. ഭജന കഴിഞ്ഞു വീട്ടിലെത്തി ആ ചക്കത്തുണ്ടി കഴിച്ച് അയാള്‍ക്കു സായൂജ്യം ലഭിച്ചതായി കഥ.
ശ്രീരാമന്റെ വനവാസകാലത്തെ ഒരു സംഭവം ഒരു നാട്ടെഴ്ശ്ശന് പറഞ്ഞുകേട്ടിട്ടുണ്ട്. അതും ചെറുശ്ലോകമായിട്ട്-:
”നേരം വെളുത്തെന്നു സീത
ഒന്നും തിന്നാനുമില്ലെന്നു രാമന്
അപ്പോള്‍ വിഭീഷണന് ചൊന്നാന്‍
രണ്ടു ചക്കപറിഞ്ഞങ്ങു തിന്നാന്‍”
മഹാകവി ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിലെ നാടോടിപ്പാട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണീ പാട്ട്.
ചക്കപ്പഴം തിന്ന് ഭക്ഷ്യവിഷബാധ വന്ന സംശയത്തില്നിന്നാണല്ലോ ഈ വിവരണം കാടുകയറിയെത്തിയത.് ആ വിഷയത്തിലേക്കു തിരികെ പോകാം. കുറേക്കാലമായി ഫലവൃക്ഷങ്ങളുടെ നഴ്സറികള്‍ നാട്ടിലെല്ലാം ധാരാളമായി കാണാം. പലതരം വൃക്ഷങ്ങളുടെയും തൈകള്‍ അവിടെ ലഭ്യമാണ് നാരകം, മാവ്, പ്ലാവ് മുതലായ നിരവധി തൈകള്‍ക്ക് നല്ല പ്രിയവുമുണ്ടായിരുന്നു. അടിയന്താവസ്ഥക്കാലത്ത് ഒരിക്കല്‍ തൊടുപുഴയിലെ വീട്ടില്‍ വന്നപ്പോള്‍ അവിടത്തെ സ്വയംസേവകര്‍ മാവിന്റെയും പിലാവിന്റെയും മറ്റും ഒട്ടുതൈകള്‍ വീടുകളില്‍ വിതരണം ചെയ്യുന്നതായി അറിഞ്ഞു. സിലോണ്‍ പിലാവാണ് അവയില്‍ ഏറെയും. എല്ലാ വരിക്കപ്ലാവുകള്‍. അക്കാലത്ത് സുരക്ഷിതമായ ഗൃഹസമ്പര്‍ക്കത്തിന് അതൊരുപാധിയായിരുന്നു.
വിയറ്റ്നാം, ഇന്തോനേഷ്യ, ചീന, തായ്വാന് മുതലായ രാജ്യങ്ങളില്‍നിന്നുള്ള വിശേഷപ്പെട്ടതരം ചെടികളുടെ ഒട്ടുതൈകള്‍ നഴ്സറികളിലെത്തുന്നുണ്ടത്രേ. അവയിലൂടെ നമ്മുടെ ജീവിതത്തെ അപകടപ്പെടുത്തുന്ന ജൈവികതത്വങ്ങള് ചീനയെപ്പോലുള്ള രാജ്യങ്ങള്‍ പ്രയോഗിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവുമോ? മുമ്പ് അമേരിക്ക ഇതുപോലത്തെ പരീക്ഷണങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭാരതത്തിലും നടത്തിയിരുന്നു. അമേരിക്കയുടെ ആരോഗ്യപ്രവര്ത്തകരായിരുന്ന ആയിരക്കണക്കിനു ആളുകള്‍ 1960-70 കാലഘട്ടത്തില്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചുവന്നു. കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍ റിലീഫ് എവരിവെയര്‍ (ഇഅഞഋ) എന്ന പേരില്‍ കോടിക്കണക്കിന് ഡോളര്‍ ചെലവുചെയ്ത്, നാട്ടിലെങ്ങും ഗോതമ്പുമാവ്, പാല്‍പ്പൊടി തുടങ്ങിയ വസ്തുക്കള്‍ വിതരണം ചെയ്തുവന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണമായി ഉപ്പുമാവും മറ്റും ധാരാളമായിരുന്നത് മറക്കാറായിട്ടില്ല. ആ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, പ്രത്യേകതരം രോഗാണുവാഹകരായ കൊതുകുകളുടെ കൂട്ടത്തെ തയ്യാറാക്കി കുറിപ്പെട്ട സ്ഥലങ്ങളില്‍ തുറന്നുവിടുകയും, അവയുടെ വ്യാപനം പഠനവിധേയമാക്കുകയും ചെയ്തിരുന്നു. അന്നു സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കര്‍ ഇക്കാര്യത്തില്‍ തനിക്കുള്ള ആശങ്കയും ഭീതിയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെയര്‍ സംഘടനയും ഭാരത ആരോഗ്യവകുപ്പും അനാവശ്യമായി ഭീതിയും സംഭ്രാന്തിയും സൃഷ്ടിക്കാന്‍ ഗോള്‍വല്‍ക്കര്‍ ശ്രമിക്കയാണെന്ന് ആക്ഷേപി
ച്ചു. പക്ഷേ അധികം താമസിയാതെതന്നെ ഭാരത സര്‍ക്കാരിന്, കെയറിന്റെയും മറ്റു തരത്തിലുള്ള അമേരിക്കന്‍ ഗൂഢപ്രവര്ത്തനങ്ങളെയും തടയേണ്ടതായിവന്നു.
ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും വിത്തുകള്‍ വ്യാപകമായി ഭാരതത്തില്‍ വിതരണം ചെയ്യുന്നതിലൂടെ ചീനയെപ്പോലുള്ള രാജ്യങ്ങള്‍ ജനതയുടെ ആരോഗ്യപൂര്‍ണമായ ജീവിതത്തെ അട്ടിമറിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും, ജനങ്ങളുടെ ആരോഗ്യത്തിനും അഭിരുചിക്കും അനുയോജ്യമായ ഭക്ഷണരീതിയെ തകിടംമറിക്കുവാനുള്ള ശ്രമമാണോ ചീനയെപ്പോലുള്ള രാജ്യങ്ങള്‍ ചെയ്യുന്നതെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. നമ്മുടെ തനതു മാങ്ങയും മാമ്പഴവും ഔഷധഗുണങ്ങളുള്ളവയാണെന്നു പ്രസിദ്ധമാണല്ലോ. ആയിരക്കണക്കിനു കൊല്ലങ്ങളായി അവ നിലനില്‍ക്കുന്നുമുണ്ട്. ശ്രീബുദ്ധന്റെ സംഘാരാമങ്ങള്തന്നെ വലിയ മാന്തോപ്പിലായിരുന്നു. മലബാറിലെ സവിശേഷമായ മാമ്പഴങ്ങളും ഉത്തര ഭാരതത്തില്‍ പ്രസിദ്ധമാണ്. 1976 ല്‍ ചണ്ഡിഗഢില്‍ നടന്ന ഭാരതീയ ജനസംഘത്തിന്റെ ദേശീയ കാര്യകാരി സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, അവിടത്തെ ഒരു പ്രവര്ത്തകന് പരമേശ്വര്‍ജിയെയും രാജേട്ടനെയും എന്നെയും തന്റെ വസതിയിലേക്കു ചായക്കു ക്ഷണിച്ചു. അവിടെ ലഘുഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ക്കു തന്ന മധുരത്തില്‍ ഒരിനം ചക്കപ്പഴമായിരുന്നു. മലബാറില്‍നിന്നും അവിടെയെത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.
ചീനയും അമേരിക്കയുമൊക്കെ തങ്ങളുടെ ദുഷ്ടലാക്കുകള്‍ നേടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന കാര്യത്തില്‍ നാം ജാഗൃതരാവേണ്ടതുണ്ട് എന്നാണീ ചക്കപ്പഴം നല്കുന്ന സന്ദേശമെന്നു തോന്നുന്നു. നമുക്കു നമ്മുടെ നാടന്‍ചക്ക മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: