ആലപ്പുഴ: നഗരത്തിലെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ എയര്‍ ഗണ്‍ കൊണ്ടടിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് കൈമാറി. കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ ഇതെ സ്കൂളില്‍ പ്രവേശിപ്പിക്കാതെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് മറ്റു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ആവശ്യം.
എന്നാല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ സ്കൂളില്‍ തുടരാനാകുമോയെന്നും പഠിക്കാനും, പരീക്ഷയെഴുതാനും ബദല്‍ സംവിധാനം ഒരുക്കുമോയെന്നും തീരുമാനമെടുക്കുക. ഹയര്‍ സെക്കന്‍ഡറി വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ അശോക് കുമാര്‍ സ്കൂള്‍ സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അതുംകൂടി പരിഗണിച്ചായിരിക്കും തുടര്‍ നടപടി. ഭയപ്പാടിലായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനും കുട്ടികളിലെ അക്രമവാസന തടയാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഹയര്‍ സെക്കന്‍ഡറി വകുപ്പ് നേതൃത്വം നല്‍കും.
എയര്‍ ഗണ്ണുപയോഗിച്ച വിദ്യാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന ഇതേ സ്കൂളിലെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് കാലയളവ് അവസാനിക്കുന്ന ദിവസമാണ് പുതിയ കേസുണ്ടായത്.വിദ്യാര്‍ത്ഥികളെ തിരികെ ക്ലാസില്‍ കയറാന്‍ അനുവദിക്കുന്നതില്‍ അടുത്തദിവസം സ്കൂള്‍ അധികൃതര്‍ യോഗം ചേരാനിരിക്കുകയായിരുന്നു. എയര്‍ ഗണ്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്കൂള്‍ നടപടികളൊന്നും നിലവില്‍ സ്വീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത എയര്‍ഗണ്‍ വിദഗ്ധ പരിശോധനയ്ക്കായി പോലീസ് ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. പെല്ലറ്റ് പുറത്തേക്ക് വരാത്തനിലയില്‍ ഉപയോഗശൂന്യമായ എയര്‍ഗണ്ണാണെന്ന് കണ്ടെത്തിയെങ്കിലും അടുത്തകാലത്തായി അതില്‍ നിന്ന് വെടിപൊട്ടിയിട്ടുണ്ടോയെന്നറിയാനാണ് പരിശോധന. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പോലീസ് ജുവനൈല്‍ കോടതിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: