സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വനിതാമാനേജരോട് തന്റെ കുടുംബപ്രശ്നങ്ങള്‍ പങ്കുവെച്ചതാണ് ബിഎസ് എന്‍എല്‍ അസിസ്റ്റന്‍റ് മാനേജര്‍ പദവിയില്‍ നിന്നും വിരമിച്ച 70കാരനായ പാപ്പച്ചന് വിനയായത്. ഇതോടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ശാഖാ മാനേജര്‍ സരിത ലക്ഷങ്ങള്‍ തട്ടിയെടുക്കാവുന്ന നല്ല ഒരു ഇരയായി പാപ്പച്ചനെ കാണുകയായിരുന്നു.
കുടുംബവുമായി മാനസിക വിയോജിപ്പ് മൂലം അകന്നു കഴിയുന്ന താന്‍ ഒറ്റയ്‌ക്ക് വേറെ വീട്ടില്‍ താമസിക്കുകയാണ് എന്നാണ് പാപ്പച്ചന്‍ സരിതയോട് പറഞ്ഞത്. പാപ്പച്ചനാകട്ടെ സരിത മാനേജരായ ധനകാര്യ സ്ഥാപനത്തില്‍ ലക്ഷങ്ങളാണ് നിക്ഷേപം.
പക്ഷെ സരിതയില്‍ സംശയം തോന്നിയ പാപ്പച്ചന്‍ മറ്റൊരു ബാങ്ക് ജീവനക്കാരനോട് സരിതയെക്കുറിച്ച് പറഞ്ഞിരുന്നു. പാപ്പച്ചന്റെ മരണശേഷം ഈ ബാങ്ക് ജീവനക്കാരന്‍ കാര്യം പാപ്പച്ചന്റെ കുടുംബത്തെ അറിയിച്ചതാണ് സരിതയെ പിടികൂടാന്‍ വഴിയൊരുക്കിയത്. സരിതയുടെ ധനകാര്യസ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ അനൂപ് വീട്ടില്‍ വരാറുണ്ടെന്നും ഒരു ദിവസം തന്റെ ഡയറി നഷ്ടപ്പെട്ടെന്നും പാപ്പച്ചന്‍ ഈ ബാങ്ക് ജീവനക്കാരനോട് പറഞ്ഞിരുന്നു. ഈ ഡയറിയില്‍ ഏതൊക്കെ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന കാര്യം എഴുതിവെച്ചിരുന്നു. അതുപോലെ പാപ്പച്ചന് ഒരു ലക്ഷം രൂപ വീതം മാസം പെന്‍ഷനായി ലഭിച്ചിരുന്നു.
പാപ്പച്ചന് ബാങ്കില്‍ ലോണ്‍ ഉണ്ടായിരുന്നു എന്ന സരിതയുടെ സംശയവും പാപ്പച്ചന്റെ മകളില്‍ സംശയം ഉളവാക്കിയിരുന്നു. ഇതെല്ലാം കാരണമാണ് പാപ്പച്ചന്റെ മകള്‍ പൊലീസില്‍ പാപ്പച്ചന്റെ വാഹനമിടിച്ചുള്ള മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കേസ് നല്‍കിയത്. പാപ്പച്ചന് ഒരു കാരണവശാലും ലോണ്‍ എടുക്കേണ്ട കാര്യമില്ല. ബാങ്കില്‍ നിന്നു തന്നെ ആയിരം രൂപയില്‍ അധികം പിന്‍വലിക്കാത്ത സ്വഭാവക്കാരനാണ് പാപ്പച്ചന്‍.
പാപ്പച്ചന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച ഒരു കോടി കാണാതായെന്ന് മകള്‍ പരാതി പറയുന്നു. അതുപോലെ പാപ്പച്ചന്‍ മരിക്കുന്നതിന്റെ തലേദിവസം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഇട്ട 14 ലക്ഷം രൂപയും സരിത പിന്‍വലിച്ചിരുന്നു. പാപ്പച്ചന്‍ സരിത മാനേജരായ ധനമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ച 36 ലക്ഷം രൂപയില്‍ നിന്നും ആറ് ലക്ഷം രൂപ വായ്പ എടുത്തു. പിന്നീട് അഞ്ചു ലക്ഷം പിന്‍വലിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 26 ലക്ഷവും കൈക്കലാക്കി. സരിതയുടെ ധനമിടപാട് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുമ്പോള്‍ ചില ബ്ലാങ്ക് ചെക്കുകളും സരിത വാങ്ങിയരുന്നു. ഈ ബ്ലാങ്ക് ചെക്കുകള്‍ ഉപയോഗിച്ചാണ് സരിത പാപ്പച്ചന്റെ പണം പിന്‍വലിച്ചത്. ആകെ 70 ലക്ഷത്തോളം പിന്‍വലിച്ചതായി പറയുന്നു.
തന്റെ 86ലക്ഷം രൂപയുടെ നിക്ഷേപത്തെക്കുറിച്ച് സരിത പറയുന്നതില്‍ സംശയം തോന്നിയ പാപ്പച്ചന്‍ ബാങ്കില്‍ നേരിട്ട് വിവരമറിയത്തോടെയാണ് സരിത പാപ്പച്ചനെ കൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. ആദ്യം ഓട്ടോറിക്ഷയിടിച്ച് കൊല്ലാനായിരുന്നു പദ്ധതി. അത് സാധ്യമാകാതെ വന്നപ്പോള്‍ വാടകക്കൊലയാളിയെ ഉപയോഗിച്ച് കാറിടിച്ച് കൊലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: