തിരുവനന്തപുരം: മന് കീ ബാത് പ്രശ്നോത്തരി വിജയികള്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് തിരിച്ചു.
പ്രധാനമന്ത്രിയുടെ മന് കീ ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി നെഹ്റു യുവകേന്ദ്രയും, ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തില്‍ താലൂക്ക് തലത്തില്‍ ഒന്നാം സമ്മാനം നേടിയ ജില്ലയിലെ ഇരുപത്തിമൂന്ന് വിദ്യാര്‍ത്ഥികളാണ് ദല്‍ഹിക്ക് പോയത്.
മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ മാര്‍ഗനിര്‍ദേശത്തില്‍ മൂന്നാം തവണയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് നെഹ്റു യുവ കേന്ദ്ര പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതോടൊപ്പം അഞ്ച് ദിവസങ്ങളിലായി ദല്‍ഹിയിലെ ചരിത്ര പ്രസിദ്ധങ്ങളായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും, കേന്ദ്ര മന്ത്രിമാരടക്കമുള്ള രാജ്യത്തെ നേതാക്കളുമായി സംവദിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും.
വെള്ളിയാഴ്ച രാജധാനി എക്സ്പ്രസില്‍ പുറപ്പെട്ട സംഘം പതിനെട്ടിന് മടങ്ങി എത്തും. യാത്രയയപ്പ് ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍, ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. എ. രാധാകൃഷ്ണന് നായര്‍, ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്, പള്ളിപ്പുറം ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: