പാരീസ്: ഒളിംപിക്സ് അത്ലറ്റിക്സില് ഭാരതത്തിന് ഇന്നലെ നിരാശ. വനിതാ വിഭാഗം 400 മീറ്ററിലും ജാവലിന്‍ ത്രോയിലും പുരുഷ ഹൈജംപിലും ഭാരത താരങ്ങള്‍ ഫൈനല്‍ കടക്കാതെ പുറത്തായി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കാനിറങ്ങിയ ജ്യോതി യാരാജിക്ക് ഫൈനല്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. ഹീറ്റ്സില്‍ ഏഴാം സ്ഥാനത്താണ് ജ്യോതി ഫിനിഷ് ചെയ്തത്. 13.16 സെക്കന്‍ഡിലാണ് ഭാരത താരം ഫിനിഷ് ചെയ്തത്. രണ്ടാം അവസരത്തില്‍ ഇന്ന് ജ്യോതി റെപ്പഷാജ് റൗണ്ടില്‍ മത്സരിക്കും.
അതേമയം ജാവലിന്‍ ത്രോയില്‍ അന്നു റാണി ഫൈനല്‍ യോഗ്യത നേടാനാവാതെ പുറത്തായി. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ 15-ാം സ്ഥാനത്താണ് കഴഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ അന്നു റാണി ഫിനിഷ് ചെയ്തത്. 55.81 മീറ്ററാണ് അന്നു റാണി യോഗ്യതാ റൗണ്ടില്‍ എറിഞ്ഞത്. രണ്ട് ഹീറ്റ്സിലുമായി മികച്ച പ്രകടനം നടത്തിയ 12 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സ് വെള്ളി മെഡല്‍ നേടിയ പോളണ്ടിന്റെ മരിയ ആന്ഡ്രെസിക് 65.52 മീറ്റര്‍ എറിഞ്ഞ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തി.
വനിതാ 400 മീറ്ററില്‍ കിരണ്‍ പഹല്‍ റെപ്പഷാജ് റൗണ്ടില്‍ ഒന്നാം ഹീറ്റ്്സില്‍ മത്സരിക്കാനിറങ്ങിയെങ്കിലും 52.59 സെക്കന്‍ഡില്‍ ഏറ്റവും പിന്നില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ഹൈജംപില്‍ ഭാരത താരം സര്‍വേഷ് കുഷാരെയും ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിലെ മൂന്നു ശ്രമങ്ങളിലും 2.20 മീറ്റര്‍ ഉയരം പിന്നിടാന്‍ സര്വേഷിനു സാധിച്ചില്ല. 2.15 മീറ്റര്‍ ഉയരം പിന്നിട്ട സര്‍വേഷ് യോഗ്യതാ റൗണ്ടില്‍ 16-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: