മലയോര മേഖലകളിലും ഉയര്‍ന്ന ഇടങ്ങളിലും മണ്ണിടിച്ചിലിന് കാരണം നിന്നുപെയ്യുന്ന അതിതീവ്രമഴകളാണോ. ഒരര്‍ത്ഥത്തില്‍ അതേയെന്നു പറയേണ്ടിവരും. കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളുടെ പ്രകട ലക്ഷണങ്ങളിലൊന്നാണ് വ്യാപകമാവുന്ന അതിതീവ്ര മഴ വേളകള്‍. 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലിമീറ്ററിനു മുകളില്‍ മഴ ലഭിച്ചാല്‍ അത് ‘അതിതീവ്രമഴ’യെന്ന വിഭാഗത്തില്‍പ്പെടുന്നു.
എന്നാല്‍ പെയ്ത മഴയുടെ അളവിനുപരി പെയ്ത്തിന്റെ സ്വഭാവമാറ്റമാണ് സമീപകാലത്ത് അതിതീവ്രമഴകളെ ദുരന്തകാരണമാക്കുന്നത്. താരതമ്യേന ദീര്‍ഘമായ ഒരു കാലയളവില്‍ ലഭിക്കേണ്ടതായ മഴപ്പെയ്ത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുവാനുള്ള പ്രവണത സമീപകാലത്ത് ഏറിവരുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ ഭൂമിയില്‍ എത്തപ്പെടുന്ന പെയ്ത്തു വെള്ളത്തിന്റെ അമിതസാന്നിധ്യം വെള്ളക്കെട്ടായോ, വെള്ളപ്പൊക്കമായോ ദുരന്തസ്വഭാവമാര്ജ്ജിക്കുന്നത് സ്വഭാവികം.
മുന്‍കാലങ്ങളില്‍ കാലവര്‍ഷക്കാലത്ത് അതിതീവ്രമഴവേളകള് താരതമ്യേന വിരളമായിരുന്നു. എന്നാല്‍ താപനാധിക്യ പ്രകൃതത്തോടു കൂടിയ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളില്‍ ജലാംശം കൂടുതലുള്ള മഴമേഘങ്ങള്‍ രൂപപ്പെടുവാനുള്ള സാധ്യതയേറുന്നു. എന്നു മാത്രമല്ല, സമുദ്രങ്ങളിലും ചൂടേറുന്നതുവഴി സമുദ്രോപരിതലാന്തരീക്ഷത്തില് ന്യൂനമര്‍ദ്ദ രൂപീകരണവും വ്യാപകമാകുന്നു. സമുദ്രമേഖലയില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെ അധിക സാന്നിധ്യവും മഴ കൂടുതല്‍ ലഭിക്കുന്നതിന് മറ്റൊരു കാരണമാണ്.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി അതിതീവ്ര മഴ വേളകള്‍ സാധാരണയാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ പൂര്‍ണ്ണമായും അതിതീവ്രമഴകളുടെ സൃഷ്ടികളാണെന്ന് പറയുവാനാകില്ല. ജലാധിക്യമുള്ള മഴ വേളകള്‍ ഏറിയപ്പോള്‍ പെയ്ത്തുജലം ഭൂമിയിലേയ്ക്ക് സ്വാഭാവിക രീതിയില്‍ ആഴ്ന്നിറങ്ങുവാനോ, അഥവാ സുഗമമായി ഒഴുകിയൊഴിയുവാനോ സാധ്യമാകാത്ത വിധത്തില്‍ മനുഷ്യ ഇടപെടലുകള്‍ വഴി മലയോര മേഖലകളിലെ സ്വാഭാവിക ഭൂപ്രകൃതം വ്യാപകമായ തരത്തില്‍ വ്യതിയാന വിധേയമായിരിക്കുന്നു. ഇതാണ് അതിതീവ്ര മഴകളെ ആപത്കാരികളാക്കുന്നത്.
മലകളിലെ പാറക്കെട്ടുകളിലോ, വലിയ പൊത്തുകളിലോ, മണ്ണിടുക്കുകളിലോ വന്‍തോതില്‍ ജലം ശേഖരിക്കപ്പെടുകയും ഈ സംഭരിത ജലത്തിന്റെ അതിസമ്മര്ദ്ദംമൂലം മലയുടെ വലിയൊരു ഭാഗം ഒന്നാകെ ഇടിഞ്ഞ്, മണ്ണ്, ജലം, വന്‍ പാറകള്‍, മരങ്ങള്‍ എന്നിവ സഹിതം കുത്തിയൊലിച്ചുവന്ന് അതിന്റെ പ്രവാഹ മാര്‍ഗ്ഗത്തിലുള്ള സര്‍വ്വതിനേയും നശിപ്പിക്കുന്ന പ്രക്രിയയാണ് ഉരുള്‍പൊട്ടല്‍. മലകളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനഘട്ടങ്ങളില്‍ നടത്തുന്ന സ്ഫോടനം വഴിയുണ്ടാകുന്ന വന്‍വിള്ളലുകള്‍, വനങ്ങളില്‍ നിന്ന് മുറിച്ചു മാറ്റപ്പെടുകയോ, ഒടിഞ്ഞു വീഴുകയോ ചെയ്യുന്ന വൃക്ഷങ്ങളുടെ ചുവട് ദ്രവിച്ച് സൃഷ്ടിക്കപ്പെടുന്ന അളകള്‍, മലഞ്ചരിവുകളെ തട്ടുതട്ടായിത്തിരിച്ചു നടത്തുന്ന കൃഷിമുറകള്‍, അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴിയൊക്കെ മഴവെള്ളം ഇപ്രകാരം ഒഴുകിപ്പോകാതെ അധിക തോതില്‍ പര്‍വ്വത ഗര്‍ഭത്തില്‍ സംഭരിക്കപ്പെടാം. ഈ സംഭരിത ജലം ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് ഭൂമിയുടെ അന്തര്‍ഭാഗത്തുകൂടി ഒഴുകുന്ന പ്രക്രിയ (ടീശഹ ുശുശിഴ )വഴിയും മണ്ണിനടിയില്‍ വന്‍ഗര്‍ത്തങ്ങള്‍ ഉണ്ടാകാം. ഈ പ്രക്രിയയാണ് ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുടെ ആദ്യപടി.
സാന്ദ്ര വനപ്രദേശങ്ങളില്‍ നിലത്ത് അടിഞ്ഞു കൂടുന്ന മരങ്ങളുടെ ഇലകളും മറ്റ് ജൈവവസ്തുക്കളും ഒരു സ്പോഞ്ച് പോലെ വര്‍ത്തിച്ച് അധിക ജലത്തെ ഭൂമിയിലേയ്ക്ക് ആഗിരണം ചെയ്യാറുണ്ട്. എന്നാല്‍, വനമേഖലയുടെ വിസ്തൃതി, സാന്ദ്രത എന്നിവയിലുണ്ടായ ഇടിവ് ഈ ആനുകൂല്യം ഇല്ലാതാക്കുകയാണ്. മാത്രമല്ല നിബിഡവനങ്ങളിലൂടെ ഒഴുകുന്ന പെയ്ത്ത് വെള്ളത്തിന്റെ പ്രവാഹശക്തി കുറവായിരിക്കുമെന്നതിനാല്‍ മണ്ണിടിച്ചില്‍, മണ്ണൊലിപ്പ് എന്നിവയുടെ സാധ്യതയും തീവ്രതയും കുറയുന്നു. യഥാര്‍ത്ഥത്തില്‍, സമീപകാലത്ത് ദുരന്തഹേതുവായി മാറാറുള്ള കനത്ത മണ്ണൊലിപ്പിനും മലയിടിച്ചിലിനും വനശോഷണം ഒരു കാരണമാണ്. മലയോരങ്ങളുടെ സ്വാഭാവിക ഭൂഘടന അലോസരപ്പെടാത്ത ഇടങ്ങളിലും, വനമേഖലകള്‍ പരിരക്ഷിക്കപ്പെട്ട് നിലനിര്‍ത്തപ്പെടുന്ന സ്ഥലങ്ങളിലും അതിതീവ്രമഴകള്‍ അത്രയേറെ ആപത്കാരികളാകുന്നില്ല എന്നുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: