ടെഹ്റാന്: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ട സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇറാന് ഭരണകൂടം. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. അത് പൂര്‍ത്തിയായ ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് യാതൊരു അറസ്റ്റും ഉണ്ടായിട്ടില്ലെന്ന് ഇറാന് വക്താവ് അസ്ഘര്‍ ജഹാംഗിര്‍ അറിയിച്ചു.
വളരെ തൊട്ടടുത്തുനിന്ന് വെടിയേറ്റാണ് ഹനിയ മരിക്കുന്നത്. അതുകൊണ്ടുതന്നെ ടെഹ്റാനില്‍ അദ്ദേഹം താമസിച്ചിരുന്നതിന് പുറത്തുനിന്നാകും വെടിയുതിര്‍ത്തതെന്നാണ് കരുതുന്നതെന്നും ഇറാന് അറിയിച്ചു. ഹനിയയുടെ മരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍ ഉള്‍പ്പടെ പന്ത്രണ്ടിലധികം ആളുകളെ ഇറാന് അറസ്റ്റ് ചെയ്തെന്ന് അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇറാന് ഔദ്യോഗീക വിശദീകരണവുമായി എത്തിയത്.
അതേസമയം ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്നാണ് ഇറാനും ഹമാസും കുറ്റപ്പെടുത്തുന്നത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇരുവരും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഹനിയയുടെ കൊലപാതകവുമായി ബന്ധപ്പട്ട ആരോപണങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചു.
തങ്ങളുടെ രാജ്യത്തെത്തിയ ഹനിയയെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന് വിദേശമന്ത്രാലയ വക്താവ് നാസര്‍ കനാനി പ്രതികരിച്ചിട്ടുണ്ട്. ഈ നടപടിയില്‍ ഇസ്രയേലിന് തക്കതായ ശിക്ഷ തങ്ങള്‍ വിധിക്കും. ഇറാനതിന് അവകാശമുണ്ടെന്നും കനാനി പറഞ്ഞു. സംഘര്ഷമില്ലതാക്കുന്നതിനായി യുഎസും അറബ് രാജ്യങ്ങളും ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.
തങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവര്‍ത്തിച്ചു. തിന്മയ്ക്കെതിരെയുള്ള പോരാട്ടമാണ് രാജ്യം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: