കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സൈന്യത്തിന്റെ സേവനം കുഞ്ഞു റയാന്റെ മനസ്സിനെ തൊട്ടപ്പോള്‍ അത് വരികളായി പിറന്നു. പട്ടാളത്തെ അഭിനന്ദിച്ച് മൂന്നാംക്ലാസുകാരന് റയാന് എഴുതി:
‘പ്രിയപ്പെട്ട ആര്‍മി, ഞാന്‍ റയാന്. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങള്‍ രക്ഷിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങള്‍ ബിസ്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മിക്കുന്ന വീഡിയോ കണ്ടപ്പോള്‍ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കും…’
പെരുമണ്ണ കണിയാണ സ്വദേശിയും വെള്ളായിക്കോട് എഎംഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് റയാന്. റയാനാണ് ഹൃദയം പട്ടാളത്തിന്റെ പ്രവര്‍ത്തനം കണ്ട് ഹൃദയം തൊടുന്ന കുറിപ്പ് എഴുതിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ വയനാട്ടില്‍ എത്തിയ സൈന്യം ബെയ്ലി പാലം നിര്‍മിച്ചും കാടിനുള്ളിലും ചെളിയിലും കടന്നുചെന്ന് മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്തുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം കണ്ടാണ് റയാന് ഹൃദയഹാരിയായ കത്തെഴുതിയത്.
അരുണാചല്‍ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്ന പിതാവ് ഷബീബ് അലിക്ക് നോട്ടുബുക്കില്‍ കുറിച്ച കത്ത് റയാന് അയച്ചുകൊടുത്തു. മകന്റെ ഹൃദയവികാരം മനസ്സിലാക്കിയ ഷബീബ് വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സുഹൃത്തിന് കത്ത് കൈമാറി. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനിക മേധാവി മേജര്‍ അനീഷിന് കത്ത് ലഭിച്ചതോടെ റയാന്റെ കത്തും നാടറിഞ്ഞു. പുനെ റെജിമെന്റ് റയാന്റെ കത്ത് സാമൂഹ്യ മാധ്യമമായ എക്സില്‍ പങ്കുവച്ചതോടെ രാജ്യമൊട്ടുക്ക് ഇന്നലെ മുതല്‍ റയാനെ അറിഞ്ഞു. മാതാവ് ജസ്നയും മകന്റെ സ്കൂളില്‍ അധ്യാപികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: