മേപ്പാടി: വയനാട് ദുരന്തത്തില്‍ മാതൃകാ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങളില്‍ പോലും ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. മേപ്പാടി പഞ്ചായത്തില്‍ മാത്രം 16 ക്യാമ്പുകളിലായി 723 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 599 പേര്‍ കുട്ടികളാണ്. വിദ്യാര്‍ത്ഥികളാണ് ഏറെയും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ അടിയന്തരിമായി മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിച്ചാലേ സ്‌കൂളുകള്‍ തുറക്കാനാവൂ. ദുരന്തബാധിതരെ മറ്റു വിദ്യാലയങ്ങളില്‍ ചേര്‍ക്കേണ്ടതുമുണ്ട്. ടൗണ്‍ഷിപ്പും, വീടും ദീര്‍ഘകാല പദ്ധതികളാണ്. അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. മന്ത്രിമാര്‍ വയനാട്ടിലുണ്ടെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
വാടകവീടുകളിലേക്ക് മാറണമെന്നായിരുന്നു 2019 ല്‍ പുത്തുമല ദുരന്തബാധിതരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആറ് മാസത്തെ വാടക യും ഉറപ്പ് നല്കി. എന്നാല്‍ മൂന്നാം മാസം മുതല്‍ വാടക മുടങ്ങിയവര്‍ പുത്തുമലയിലുണ്ട്. അന്ന് പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് ഇപ്പോഴും കടലാസിലാണ്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും അന്ന് തകര്‍ന്നിരുന്നു. പ്രഖ്യാപിച്ച പത്ത് ലക്ഷം നല്കിയില്ല. പലരുടെയും വീടുകള്‍ ഇന്നും പൂര്‍ത്തിയായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ പണം നല്കി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേ ഫോര്‍മുലയാണ് ഇത്തവണയുമെങ്കില്‍ ദുരന്തത്തിനുമേല്‍ ദുരിതം ഏറുകയേ ഉള്ളൂ.
ആശുപത്രികളില്‍ നിന്നവരെ പുനരധിവസിപ്പിക്കുന്നതും പ്രശ്‌നമാണ്. തുടര്‍ ചികിത്സയും പ്രശ്‌നമാണ്. കുടുംബത്തില്‍ ആരും അവശേഷിച്ചിട്ടില്ലാത്ത അവന്തികയെന്ന പിഞ്ചുകുഞ്ഞിനെപ്പോലുള്ള നിരവധിപേരുണ്ട്.
കുടുംബം പൂര്‍ണമായും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. ഇവരുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവരും. രണ്ട് വിദ്യാലയങ്ങള്‍ ദുരന്തത്തില്‍ തകര്‍ന്നതിനാല്‍ പകരം സംവിധാനം അടിയന്തരമായി കണ്ടെത്തേണ്ടതുമുണ്ട്.
പ്രകൃതിക്ഷോഭങ്ങള്‍ മൂലം തകര്‍ന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെയാണ് അതിനെ മാതൃകാപരമായി അതിജീവിച്ചത് എന്നതിന്റെ ചരിത്രം പോലും സംസ്ഥാനഭരണകൂടം മനസിലാക്കുന്നില്ല.
2001 ജനുവരി 26ന് 6356 വീടുകള്‍ നിലം പൊത്തിയ ഗുജറാത്തിലെ ഭുജില്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശാസ്ത്രീയമായ പുനരധിവാസം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ചയുള്ള ജില്ലയാക്കി അതിനെ മാറ്റാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരം മാതൃകകളുള്ളപ്പോഴാണ് കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: