പനാജി: കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വീടുകൾ നിർമിക്കാൻ തന്റെ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തിക്കുമെന്ന് ഗോവ സ്പീക്കർ രമേഷ് തവാദ്കർ നിയമസഭയിൽ പറഞ്ഞു. കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തും പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ വീടുകൾ നിർമിക്കുന്നതിനായി 200 സന്നദ്ധപ്രവർത്തകർക്കൊപ്പം തന്റെ ബലറാം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുമെന്ന് തവാദ്കർ പറഞ്ഞു. നിലവിൽ ഗോവയിൽ നടപ്പാക്കുന്ന ശ്രം ധാം എന്ന ആശയത്തിലാണ് വീടുകൾ നിർമിക്കുക. കേരളത്തിലെ സാമൂഹിക സേവന സംരംഭത്തിന് സാമ്പത്തികമായി സംഭാവന നൽകാൻ തവാദ്കർ ഗോവ നിയമസഭാ അംഗങ്ങളോട് അഭ്യർത്ഥിച്ചു.
ഗോവ സർക്കാർ ആവശ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് അറിയിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സാവന്ത് സഭയിൽ പറഞ്ഞു. കേരളത്തിൽ നിന്ന് ഞങ്ങൾക്ക് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. എന്നാൽ എല്ലാ അവശ്യകാര്യങ്ങളിലും അവരെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൗഡ് ഫണ്ടിംഗിലൂടെ നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ശ്രം ധാം എന്ന ആശയത്തിന് കീഴിൽ, ബലറാം ചാരിറ്റബിൾ ട്രസ്റ്റ് ഗോവയിലെ കാനക്കോണ താലൂക്കിൽ വീടുകൾ നിർമ്മിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: