ചൂരല്‍മല: തത്തകള്‍ക്കും പട്ടികള്‍ക്കുമെല്ലാം പ്രകൃതി ദുരന്തങ്ങള്‍ മണത്തറിയാനുള്ള കഴിവുണ്ടെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. അങ്ങിനെ ഒരു തത്ത വയനാട്ടിലെ ചൂരല്‍മലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് രക്ഷകയായി.
ചൂരല്‍മലയിലെ കിഴക്കേപ്പറമ്പില്‍ കെ.എം. വിനോദ് എന്ന യുവാവിന്റെ വീട്ടിലെ തത്തയാണ് രണ്ട് കുടുംബങ്ങള്‍ക്ക് രക്ഷകയായി പ്രവര്‍ത്തിച്ചത്. ദുരന്തമുണ്ടാകുന്നിന് ഒരു ദിവസം മുന്‍പ് തന്നെ വിനോദിന്റെ കുടുംബം വീട്ടില്‍ നിന്നും മാറി സഹോദരിയുടെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു. കൂടെ കിങ്ങിണി എന്ന തത്തയെയും കൊണ്ടുപോയിരുന്നു. അന്നത്തെ ദിവസം രാത്രി തത്ത പതിവില്ലാത്തവിധം ബഹളമുണ്ടാക്കിയിരുന്നു. വല്ല ഉറുമ്പോ മറ്റോ കടിച്ചതാകാമെന്ന് കരുതി യുവാവ് തത്തയെ നോക്കാന്‍ കൂടിനടുത്തേക്ക് ചെന്നു. ആ കാഴ്ച വിനോദിനെ അമ്പരപ്പിച്ചിരുന്നു. കാരണം കരയുന്നതിനോടൊപ്പം ശക്തമായി ചിറകടിച്ചുകൊണ്ടിരുന്ന തത്തയുടെ ചിറകിലെയും ശരീരത്തിലെയും പച്ചത്തൂവലുകള്‍ എല്ലാം കൊഴിഞ്ഞു പോയിരുന്നു. എന്നിട്ടും തത്ത അസാധാരണമായ ശബ്ദത്തില്‍, ഭയത്തോടെ ഉറക്കെ കരഞ്ഞുകൊണ്ടേയിരുന്നു. ആ സമയം വീട്ടില്‍ കറന്റ് ഇല്ലായിരുന്നു. ടോര്‍ച്ചടിച്ചാണ് വിനോദ് കൂട്ടില്‍ തത്തയെ നോക്കിയത്.
തത്തയുടെ പതിവില്ലാത്ത ബഹളത്തില്‍ എന്തോ പന്തികേടുണ്ടെന്ന് തോന്നിയ വിനോദ് ഉറക്കത്തിലായിരുന്ന സുഹൃത്ത് ജിജിയെ ഫോണില്‍ വിളിച്ച് പുറത്ത് പോയി നോക്കാന്‍ പറഞ്ഞു. സുഹൃത്ത് പുറത്തുചെന്ന് നോക്കിയപ്പോള്‍ ഉരുള്‍പൊട്ടി വെള്ളം ഇരച്ചുവരുന്നു. ഉടനെ ജിജി എല്ലാവരോടും രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. ഇതുപോലെ മറ്റൊരു സുഹൃത്തിനെക്കുട്ടിയും വിനോദ് ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നു. ആ യുവാവും കുടുംബവും ഇതുപോലെ മുന്‍കൂട്ടി ദുരന്തം അറിഞ്ഞതിനാല്‍ രക്ഷപ്പെട്ടു. രണ്ട് കുടുംബത്തെ രക്ഷിച്ച കിങ്ങിണി എന്ന തത്തയുടെ മുന്നറിയിപ്പ് എത്ര കണിശമായ കാലാവസ്ഥാപ്രവചനമായിരുന്നു എന്നത് വിനോദ് ഒരു അത്ഭുതം പോലെ തിരിച്ചറിയുന്നു. പ്രകൃതിദുരന്തം വരുന്നതിന് മുന്‍പ്, തന്നെ കൂട്ടില്‍ നിന്നും തുറന്നുവിടാനാകാം കിങ്ങിണി ശരീരത്തിലെ മുഴുവന്‍ പച്ചത്തൂവലുകളും പൊഴിച്ചുകൊണ്ടുള്ള തലതല്ലിക്കരച്ചിലിലൂടെ ആവശ്യപ്പെട്ടതെന്നും വിനോദ് ഇപ്പോള്‍ മനസ്സിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: