ന്യൂദൽഹി : ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.നമ്മുടെ ദേശീയ പതാക ത്യാഗത്തിന്റെയും വിശ്വസ്തതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്. സ്വാതന്ത്ര്യ സമര നായകന്മാരെ സ്മരിക്കാനുള്ള മാധ്യമമാണ് ഹർ ഘർ തിരംഗ അഭിയാൻ.
ഓരോ ഇന്ത്യക്കാരനിലും അടിസ്ഥാനപരമായ ഐക്യം ഉണർത്തുന്നതാണ് ഈ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞ 2 വർഷമായി ഈ കാമ്പെയ്ൻ ഒരു ജനകീയ പ്രചാരണമായി മാറിയിരിക്കുന്നുവെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.
“ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ, നിങ്ങളുടെ വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും നിങ്ങളുടെ സെൽഫി https://harghartirang.com ൽ അപ്‌ലോഡ് ചെയ്യാനും കഴിയും,”- അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 28 ന് നടന്ന തന്റെ 112-ാമത് മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ‘ഹർ ഘർ തിരംഗ’ കാമ്പയിനിൽ പങ്കെടുക്കാൻ എല്ലാ ഇന്ത്യക്കാരോടും ആഹ്വാനം ചെയ്തു. ദേശീയ പതാകയ്‌ക്കൊപ്പം സെൽഫിയെടുക്കുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു.
ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ വീടുകളിലും ഓഫീസുകളിലും കടകളിലും ദേശീയ പതാക ഉയർത്തുന്നത് ഉറപ്പാക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം അഭ്യർത്ഥിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രചാരണമാണ് ‘ഹർ ഘർ തിരംഗ’. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിനായി തിരംഗയെ വീട്ടിലേക്ക് കൊണ്ടുവരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ഉയർത്തുന്നതിനുമായാണ് ഇത് ആരംഭിച്ചത്.
ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്‌നേഹം വളർത്തുകയും ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ ആശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: