മുണ്ടക്കൈ: ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായതിനാല്‍ ഇനി ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം നടത്തും. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചില്‍. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച താഴ്ച്ച വ്യത്യാസം മനസിലാക്കിയാകും പരിശോധന ശക്തമാക്കുക.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രങ്ങളില്‍ പലയിടങ്ങളിലും യന്ത്രങ്ങള്‍ക്കോ മനുഷ്യര്‍ക്കോ ഇതുവരെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഡ്രോണ്‍ പരിശോധന ആവശ്യമാണ്. തിരിച്ചറിയുന്ന മുറയ്ക്ക് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാ പ്രവര്‍ത്തകര്‍ പരിശോധനകള്‍ നടത്തും. ഇതുവഴി കാണാതായവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
എന്‍ഡിആര്‍എഫ്, ആര്‍മി, കെ 9 ഡോഗ് സ്ക്വാഡ്, ആര്‍മി ഡോഗ് സ്ക്വാഡ്, സ്പെഷ്യല്‍ ഓപറേഷന് ഗ്രൂപ്പ്, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ്, പോലിസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയര്‍ ആന്‍ഡ് റസ്ക്യൂ, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ഡെല്‍റ്റ സ്ക്വാഡ്, നേവല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി കഴിഞ്ഞ അഞ്ച് ദിവസം തിരച്ചില്‍ നടത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് പരിസരം, സ്കൂള്‍ റോഡ് എന്നിവിടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രഫി ഫോള്‍ഡറും മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: