തൊടുപുഴ: വയനാട്ടിൽ ഉരുൾപൊട്ടലിൽ കൃഷിയിടം നഷ്ട്ടപെട്ട കുടുംബങ്ങൾക്കായി തൊടുപുഴയിൽ പ്രവർത്തിയ്‌ക്കുന്ന ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്തു നൽകും. അർഹതപ്പെട്ടവർക്ക് അവരുമായി ആശയവിനിമയം നടത്തി അനുയോജ്യമായ പ്രദേശത്തായിരിക്കും ഭൂമി കൃഷി ചെയ്തു നൽകുന്നത്.
എല്ലാം നഷ്ടപെട്ട കുടുംബങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി, അവർക്കായി നല്ല കൃഷിത്തോട്ടം ഒരുക്കി കൊടുക്കുകയാണ് ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ലക്ഷ്യം. ഭൂമി സ്പോൺസർ ചെയ്യുവാൻ ആളുകൾ മുന്നോട്ടുവന്നാൽ കൂടുതൽ സ്ഥലങ്ങളിൽ അനുയോജ്യവും ഏറ്റവും ആദായകരവുമായ കൃഷികൾ ഫ്രൂട്ട്സ് വാലി കമ്പനിയുടെ നേതൃത്വത്തിൽ ചെയ്തു കൂടുതൽ കുടുംബങ്ങളെ സംരക്ഷിക്കുമെന്നും അറിയിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടായാൽ എസ്സ്റ്റേറ്റുകളിൽ നിന്നും കൂടുതൽ ഭൂമി സ്പോൺസർ ചെയ്തു ലഭിക്കാൻ സാഹചര്യമുണ്ട്. അപ്രകാരം ഭൂമി ലഭിച്ചാൽ, കൂടുതൽ കുടുംബങ്ങളെ സംരക്ഷിക്കുവാൻ സാധിക്കും. വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ശാശ്വത ആശ്വാസം ലഭിക്കുന്ന പദ്ധതികൾ വിജയിപ്പിക്കാനായി സർക്കാരിനോട് കൈകോർക്കുവാൻ ഫ്രൂട്സ് വാലി തയ്യാറാണ്.
ഫ്രൂട്ട്സ് വാലി കമ്പനി ചെയർമാൻ അഡ്വ. ബിജു പറയന്നിലം, ഡയറക്ടർ ജോസി കൊച്ചുകുടി, മെമ്പർമാരായ ജോൺ മുണ്ടൻകാവിൽ, അഡ്വ. ജെറിൻ തോമസ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: