നൂറ് വര്‍ഷത്തിനിപ്പുറം പാരീസിനെ ഒളിംപിക് മത്സരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ അതിലെ ടെന്നിസ് മത്സരവേദി വിഖ്യാതമായ റോളന്‍ഡ് ഗാരോസില്‍ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. ടെന്നീസ് പ്രേമികള്‍ ഇതിനൊപ്പം മറ്റൊരു കാര്യം കൂടി ഉറപ്പിച്ചിരുന്നു- ഇവിടെ നിന്നും കരിയറിലെ മൂന്നാം ഒളിംപിക് സ്വര്‍ണം റാഫേല്‍ നദാല്‍ കൊയ്യുമെന്ന്. കളിമണ്ണില്‍ തീര്‍ത്ത ഇവിടത്തെ കോര്‍ട്ടില്‍ റാഫേല്‍ നദാല്‍ പകരക്കാരനില്ലാത്ത വിധം രാജവാഴ്ച്ച നടത്തിയിരുന്ന കാലത്താണ് പാരീസിനെ ഒളിംപിക് വേദിയായി പ്രഖ്യാപിച്ചത്- 2017ല്‍. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് എന്ന് കേട്ടാല്‍ പുരുഷ സിംഗിള്‍സ് ടൈറ്റില്‍ നദാലിനെന്ന് കളിയറിയാത്തവര്‍ പോലും ഉറപ്പിച്ചിരുന്ന ഒന്നര പതിറ്റാണ്ട് നീണ്ട കാലം.
2005ലാണ് ആ റിക്കാര്‍ഡ് കിരീട വാഴ്ച്ചയുടെ തുടക്കം. അന്ന് ഫൈനലില്‍ മറിയാനോ പുവേര്റ്റയെ തോല്‍പ്പിച്ചുകൊണ്ടാണ് നദാല്‍ കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. 2005 മുതല്‍ 2008വരെ തുടരെ നാല് വര്‍ഷം ആ കിരീട നേട്ടം തുടര്‍ക്കഥയായി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2010ല്‍ വീണ്ടും കപ്പടിക്കാന്‍ തുടങ്ങി. തുടരെ അഞ്ച് വര്‍ഷം. 2017ല്‍ നദാല്‍ വീണ്ടും കിരീടനേട്ടത്തിലേക്ക് തിരിച്ചെത്തി. വീണ്ടും തുടര്‍ച്ചയായൊരു നാല് വര്‍ഷം കുടി. അതിന് ശേഷമാണ് താരത്തെ പ്രായവും പരിക്കും പിടികൂടാന്‍ തുടങ്ങിയത്. എങ്കിലും 2022ല്‍ വീണ്ടും റോളന്‍ഡ് ഗാരോസില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവായി.
കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമായിരുന്നു അത്. താരത്തിന്റെ പരിക്ക് കലശലായി ഇടുപ്പിനും കാലിനും ശസ്ത്രക്രിയ വരെ വേണ്ടി വന്നതോടെ 16 മാസത്തോളം കരിയറില്‍ നിന്നും പൂര്‍ണമായും വിട്ടു നിന്നു. ഒടുവില്‍ കഴിഞ്ഞ ജനുവരിയില്‍ തിരികെയെത്തി. പക്ഷെ വീണ്ടും വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായി. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ കിരീടം എത്തിപ്പിടിച്ചില്ലെങ്കിലും റോളന്‍ഡ് ഗാരോസില്‍ താരം ഒരു മുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. രണ്ടാം റൗണ്ടില്‍ പൊലിഞ്ഞു. പിന്നെ ഒളിംപിക്സ് മാത്രമായിരുന്നു നദാലിന് മുന്നില്‍. ആരാധകരും ഉറ്റുനോക്കി. രണ്ടാം റൗണ്ടില്‍ കിട്ടിയത് കരിയറിലെ ചിരവൈരിയായ നോവാക് ദ്യോക്കോവിച്ചിനെ. പ്രായവും പരിമിതിയും തളര്‍ത്തിയ നദാലിന് തന്റെ സ്വന്തം റോളന്‍ഡ് ഗാരോസിലും രക്ഷയില്ലെന്നായി സ്ഥിതി. സ്കോര്‍ 6-1, 6-4ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങി. റോളന്‍ഡ് ഗാരോസില്‍ ഇനിയൊരു തിരിച്ചുവരവ് സിംഗിള്‍സില്‍ ഇല്ലെന്ന പ്രഖ്യാപിക്കാത്ത പ്രഖ്യാപനമായിരിക്കാം ഇത്. മത്സരശേഷം അദ്ദേഹം പറയുന്നതിങ്ങനെയാണ്- എല്ലാദിവസവും റിട്ടയര്‍ ചെയ്യണോ വേണ്ടയോ എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: