ചെന്നൈ: സാമൂഹ്യവിരുദ്ധര്‍ തമിഴ്നാട്ടില്‍ അഴിഞ്ഞാടുകയാണെന്നും തമിഴ്നാട് കൊലപാതകങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ട് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ കൊലചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു അണ്ണാമലൈയുടെ ഈ പ്രതികരണം.
ശിവഗംഗയിലെ കോപറേറ്റീവ് ജില്ലാ സെക്രട്ടറി ശെല്‍വകുമാറിനെ എതിരാളികള്‍ കഴിഞ്ഞ രാത്രിയില്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശിവഗംഗയില്‍ ഇഷ്ടികച്ചൂള സ്വന്തമായുള്ള ശെല്വകുമാര് അവിടേക്ക് പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമികള്‍ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടല്ലൂര്‍ ജില്ലയിലെ എഐഎഡിഎംകെ വാര്‍ഡ് സെക്രട്ടറി പത്മനാഭനെയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ടൂ വിലറില്‍ പോവുകയായിരുന്ന പത്മനാഭനെ നാല് ചക്രവാഹനത്തില്‍ വന്ന അക്രമികള്‍ ഇടിച്ചിടുകയായിരുന്നു. പിന്നീട് റോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ജൂലായ് മാസം തുടക്കത്തില്‍ മായാവതിയുടെ ബിഎസ് പി പാര്‍ട്ടിയുടെ നേതാവായ ആംസ്ട്രോങ്ങിനെയും കൊലപ്പെടുത്തിയിരുന്നു.
ഡിഎംകെയുമായി ബന്ധപ്പെട്ട ആരെയും പൊലീസ് തൊടരുതെന്ന തിട്ടൂരമുള്ളതിനാല്‍ പൊലീസുകാര്‍ അക്രമികളെ പിടിക്കാന്‍ കഴിയാതെ അങ്കലാപ്പിലാണ്. “സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ അധികാരത്തില്‍ വന്നശേഷം തമിഴ്നാട് കൊലപാതകത്തിന്റെ തലസ്ഥാനമായിരിക്കുന്നു. ദൈനംദിന രാഷ്ട്രീയ നാടകത്തില്‍ ഏര്‍പ്പെടുകയാണ് പൊലീസ് വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി കൂടിയായ സ്റ്റാലിന്.”- അണ്ണാമലൈ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: