ആലപ്പുഴ: തിരുവനന്തപുരം മണക്കാട് മുത്താരിയമ്മന്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ ദീപാരാധനക്കു മുമ്പുള്ള പൂജക്ക് തയ്യാറെടുക്കുമ്പോള്‍ ക്ഷേത്രത്തില്‍ കയറി വിലങ്ങണിയിച്ച് കൊണ്ടുപോയ നടപടി നിയമവിരുദ്ധമാണെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി. പത്മനാഭന്. കുറ്റക്കാരായ മുഴുവന്‍ പോലീസുകാരെയും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മേല്‍ശാന്തിക്കെതിരെ പരാതിയുണ്ടെങ്കില്‍ അവ അന്വേഷിക്കാനും കുറ്റക്കാരനെങ്കില്‍ നടപടിയെടുക്കാനും നിയമത്തില്‍ പലതരം വ്യവസ്ഥകളുണ്ട്. അവ പാലിക്കാന്‍ പൂന്തുറ പോലീസ് തയ്യാറായില്ല. ജനകീയ പോലീസ് എന്ന സര്‍ക്കാര്‍ നയം അട്ടിമറിക്കുകയാണ് ഇത്തരം ഉദ്യേഗസ്ഥര്‍ ചെയ്യുന്നത്. മേല്‍ശാന്തി ദീപാരാധനക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ വൈകിട്ട് അഞ്ചരയോടു കൂടി ക്ഷേത്രത്തിലെത്തിയ പോലീസ് ഷര്‍ട്ട് പോലും ധരിക്കാന്‍ സമ്മതിക്കാതെ ജീപ്പില്‍ കയറ്റി വിലങ്ങണിയിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ നടപടി മനുഷ്യാവകാശ ലംഘനവും ഭരണഘടന ഉറപ്പുനല്‍ക്കുന്ന സാമൂഹിക – ധാര്‍മിക നിയമങ്ങള്‍ക്കുമെതിരാണ്.
വിശ്വകര്‍മ ക്ഷേത്രത്തില്‍ കയറി വിശ്വകര്‍മജനായ ഒരു പൂജാരിക്കെതിരായുണ്ടായ ദ്രോഹത്തില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണം. അല്ലാതെപക്ഷം വന്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: