തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തില്‍ നിലവില്‍ അപര്യാപ്തകളുണ്ടെന്നും ഇതിന് പണം തടസമാകുന്നുണ്ടെന്നും സ്ഥിരീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്.
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിഇന്നലെ വിളിച്ച യോഗത്തിന്റെ തുടര്‍ച്ചയായി ശാരദാ മുരളീധരന് വിളിച്ചുചേര്‍ത്ത ആസൂത്രണ സമിതികളുടെ സംയുക്തയോഗത്തിലെ നിര്‍ദേശത്തിലാണ് കുറവുകള്‍ ഏറ്റുപറഞ്ഞത്. മാലിന്യസംസ്കരണത്തിന് പണം തടസമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ സ്വച്ഛ് ഭാരത് മിഷന്,ശുചിത്വ കേരളം പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി,ഗ്രാമീണ നഗര തൊഴിലുറപ്പ് പദ്ധതികള്‍,15-ാം ധനകാര്യ കമ്മിഷന് ഗ്രാന്‍ഡ്,അമൃത്,ഇറിഗേഷന്‍ എന്നിവ ഉള്‍പ്പെടെ സാധ്യമായ എല്ലാ ധനസ്രോതസുകളുടെയും സംയോജനം സാധ്യമാക്കിയാല്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പര്യാപ്തമായ ഫണ്ടിന് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി പദ്ധതി രൂപീകരണവും അവയുടെ കൃത്യമായ നിര്‍വഹണവും ഉണ്ടായാല്‍ മാലിന്യ സംസ്കരണത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാനാവുമെന്നും പറയുന്നുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മാലിന്യ സംസ്കരണ പദ്ധതികളുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികള്‍ ഉറപ്പാക്കണം. ഇതിന് ജില്ലാ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കാന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പ്രത്യേക യോഗം വിളിച്ച് ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും കുറവ് സംബന്ധിച്ചു വിലയിരുത്തല്‍ നടത്തുകയും ഇത് നികത്തുന്നതിന് പര്യാപ്തമായ പദ്ധതികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്നുറപ്പാക്കുകയും വേണം. നിലവിലെ കുറവുകള്‍ കണ്ടെത്തി ആസൂത്രണ സമിതിക്ക് റിപ്പോര്‍ട്ട്ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്മാരെയുംശുചിത്വ മിഷന് ജില്ലാ കോഓര്ഡിനേറ്റര്മാരെയുംചുമതലപ്പെടുത്തി.
യോഗത്തില്‍ സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ,പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സാംബശിവ റാവു,ശുചിത്വ മിഷന് എക്സി. ഡയറക്ടര്‍ യു.വി. ജോസ് (റിട്ട),പ്ലാനിങ് ബോര്‍ഡ് അംഗം ജിജു പി. അലക്സ്,ജോസഫൈന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: