കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവിലെ തൊഴിലാളികള്‍ക്ക് നാലു മാസമായി ശമ്പളം ലഭിച്ചില്ല. ഇതോടെ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലായി. സിപിഎം നേതാവ് ടി.കെ. ഗോവിന്ദനാണ് ഹാന്‍വീവ് ചെയര്മാന്. വര്‍ഷങ്ങളായി സ്ഥാപനം കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ശമ്പള പ്രതിസന്ധിക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇരുനൂറോളം ജീവനക്കാരാണ് ഹാന്‍വീവില്‍ ജോലി ചെയ്യുന്നത്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് സ്വയം അഭിമാനിക്കുന്ന സിപിഎം സംസ്ഥാന ഭരണവും സ്ഥാപനത്തിന്റെ ഭരണവും നടത്തവെ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തില്‍ സിഐടിയു തൊഴിലാളികള്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഹാന്വീവിനുവേണ്ടി നൂല് നൂറ്റ നെയ്ത്ത് തൊഴിലാളികള്‍ക്കും കഴിഞ്ഞ എട്ടുമാസമായി കൂലി ലഭിക്കാതായിട്ട്. എട്ട് മാസമായി ചെയ്ത പണിക്ക് കൂലി ലഭിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍ പണിയുമില്ലാതായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്ത്ത് തൊഴിലാളികള്‍ രാപകല്‍ സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ്. ഹാന്‍വീവ് തിരുവനന്തപുരം റീജിയണിലെ നെയ്ത്ത് തൊഴിലാളികളാണ് തിരുവനന്തപുരം മേഖലാ കാര്യാലയത്തിനു മുന്നില്‍ കഴിഞ്ഞ ദിവസം മുതല്‍ രാപകല്‍ സത്യഗ്രഹം തുടങ്ങിയത്.
സംസ്ഥാനത്തുടനീളം നെയ്ത്തുകാര്‍ക്ക് ഏഴ് മാസത്തേയും ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെയും ശമ്പളം കുടിശികയായിട്ടും സര്‍ക്കാരും മാനേജ്മെന്റും തികഞ്ഞ അലംഭാവം കാട്ടുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്കി തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് മാനേജ്മെന്റ് ഇതുവരെ സ്വീകരിച്ചു വന്നത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് മാനേജ്മെന്റ് പറയുമ്പോഴും സ്ഥാപനത്തിന്റെ കോടികള്‍ വിലമതിക്കുന്ന കെട്ടിടവും സ്ഥലവും പുരാവസ്തു മ്യൂസിയമാക്കിയതും പുതിയ തസ്തിക സൃഷ്ടിച്ചു നിയമനം നടത്താനുള്ള നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങള്‍ വിറ്റഴിക്കാതെ വിവിധ ഗോഡൗണുകളിലായി കെട്ടിക്കിടക്കുകയാണ്. ഇവ വിറ്റഴിക്കാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്നും മറ്റും പ്രഖ്യാപനങ്ങളുണ്ടായിരുന്നുവെങ്കിലും ഇതൊന്നും വേണ്ടത്ര വിജയിച്ചില്ല. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: