ന്യൂദൽഹി: ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം തലസ്ഥാനമായ കീവ് സന്ദർശിക്കാനുള്ള സാധ്യത ഇന്ത്യയും ഉക്രെയ്നും നോക്കുന്നതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ആഗസ്റ്റ് 24 ന് ഉക്രെയ്ൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് മോദി കീവ് സന്ദർശിച്ചേക്കുമെന്ന് വിവരം പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ആഗസ്റ്റ് പകുതിയിൽ മോദിയുടെ കീവ് സന്ദർശനം ഇന്ത്യയും ഉക്രെയ്‌നും ഉറ്റുനോക്കുന്നു. ലോജിസ്റ്റിക്‌സും അനുബന്ധ പ്രശ്‌നങ്ങളും കണക്കിലെടുത്ത് വൻ തയ്യാറെടുപ്പുകൾ ആവശ്യമായി വരുമെന്നതിനാൽ യാത്രയിൽ അന്തിമതീരുമാനമില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഉക്രെയ്‌നിലേക്കുള്ള യാത്രയ്‌ക്ക് ശേഷം മോദി പോളണ്ടിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.മോദി പോളണ്ടിലേക്ക് പോകുകയാണെങ്കിൽ, നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആ രാജ്യത്ത് എത്തുന്നത് ആദ്യമായിരിക്കും. പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദർശനം ഓഗസ്റ്റ് 23 മുതൽ 24 വരെ ആരംഭിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ നിന്നോ ഉക്രെയ്നിൽ നിന്നോ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. ജൂൺ 14-ന് സെലൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുന്നത് തുടരുമെന്നും സമാധാനത്തിലേക്കുള്ള വഴി സംവാദവും നയതന്ത്രവും ആണെന്നും ഉക്രെയ്ൻ പ്രസിഡൻ്റിനെ അറിയിച്ചു.
ഉക്രെയ്‌നിലെ സംഘർഷത്തിന് പരിഹാരം കാണുന്നതിന് മനുഷ്യ കേന്ദ്രീകൃത സമീപനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മോദി സെലൻസ്‌കിയോട് പറഞ്ഞു. യോഗത്തിൽ ഉക്രെയ്ൻ പ്രസിഡൻ്റ് പ്രധാനമന്ത്രിയെ കീവ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. ഉക്രൈനിലെ സംഘർഷം ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ജൂലൈ 8-9 തീയതികളിൽ മോദി റഷ്യ സന്ദർശിച്ചത് അമേരിക്കയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ മോസ്‌കോ യാത്രയിൽ പല പാശ്ചാത്യ രാജ്യങ്ങളും അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ മോസ്‌കോ യാത്രയെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ ആശങ്കകൾ ഇന്ത്യ വ്യാഴാഴ്ച നിരസിക്കുകയും എല്ലാ രാജ്യങ്ങൾക്കും സ്വയം തീരുമാനങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത്തരം യാഥാർത്ഥ്യങ്ങളെക്കുറിച്ച് എല്ലാവരും ശ്രദ്ധിക്കണമെന്നും സമർത്ഥിച്ചു.
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉച്ചകോടി ചർച്ചയിൽ ഉക്രെയ്ൻ സംഘർഷത്തിന് പരിഹാരം യുദ്ധഭൂമിയിൽ സാധ്യമല്ലെന്നും ബോംബുകൾക്കും തോക്കുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ സമാധാന ചർച്ചകൾ വിജയിക്കില്ലെന്നും പ്രധാനമന്ത്രി സന്ദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: