ന്യൂദല്‍ഹി: നിതി ആയോഗ് യോഗം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ തീരുമാനത്തില്‍ ഇന്‍ഡി മുന്നണിയില്‍ വിയോജിപ്പ്. യോഗത്തില്‍ പങ്കെടുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജി അറിയിച്ചു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും യോഗത്തിനുണ്ടാകും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്, കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നും ആപ്പിന്റെ രണ്ടും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് ബജറ്റില്‍ അവഗണിച്ചെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നത്. ആദ്യം നിലപാട് വ്യക്തമാക്കാതിരുന്ന മമത ഇന്നലെ ദല്‍ഹിയിലേക്കു പുറപ്പെടും മുമ്പാണ് താന്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. ബജറ്റിനു മുമ്പുതന്നെ യോഗത്തിലുണ്ടാകുമെന്നു സൂചിപ്പിച്ചിരുന്നതായി മമത പറഞ്ഞു.
ഇന്നു ചേരുന്ന നിതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍, വിവിധ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള ‘വികസിത ഭാരതം @ 2047’ രേഖ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047ല്‍ 30 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വികസിത സമ്പദ് വ്യവസ്ഥയാകുന്നതിന് ഭാരതത്തെ സഹായിക്കാനുള്ള ദര്‍ശന രേഖയും തയാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: