സ്വിറ്റ് സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ അവസാന റൗണ്ടിന് തൊട്ടുമുന്‍പത്തെ റൗണ്ടില്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ച് വിയറ്റ്നാം ഗ്രാന്‍റ് മാസ്റ്ററായ ലെ ക്വാങ് ലിയെം ചാമ്പ്യനായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ലെ ലിയെം കിരീടമണിയുന്നത്.
തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ചവെച്ചും സംയമനത്തോടെ കളിച്ചും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുമാണ് ലെ ലിയെം മൂന്ന് വ്യത്യസ്ത ചെസ് റൗണ്ടികളുടെ ആകെ പോയിന്‍റിന്റെ അടിസ്ഥാനത്തില്‍ വിജയിയെ കണ്ടെത്തുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ ചാമ്പ്യനായത്. റാപ്പിഡ്, ക്ലാസിക്ക്, ബ്ലിറ്റ്സ് റൗണ്ടുകളില്‍ ആറ് താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ ശേഷമാണ് ആകെ ലഭിച്ച പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ വിജയിയെ തെരഞ്ഞെടുത്തത്.
65 നീക്കങ്ങള്‍ക്ക് ശേഷമാണ് വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ തോല്‍വി സമ്മതിച്ചത്. പ്രജ്ഞാനന്ദ ജയിച്ചിരുന്നെങ്കില്‍ വിജയിയെ കണ്ടെത്താന്‍ അവസാന റൗണ്ട് കൂടി കാത്തിരിക്കേണ്ടി വന്നേനെ. പ്രജ്ഞാനന്ദ 20.5 പോയിന്‍റോടെ നാലാം സ്ഥാനത്തായി.
24 പോയിന്‍റ് നേടി ഹെയ്ക് മര്‍തിറോസിയന്‍ രണ്ടാമതും ഇന്ത്യന്‍ വംശജനായ യുഎസ് താരം അഭിമന്യു മിശ്ര 22 പോയിന്‍റോടെ മൂന്നാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: