ചാലക്കുടി: നിധി സ്വര്‍ണം വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയും ലോണെടുത്തും ഉണ്ടാക്കിയ 4 ലക്ഷം രൂപ തട്ടിച്ച് അസം സ്വദേശികള്‍. പണമുണ്ടാക്കുവാനുള്ള എളുപ്പ വഴിയില്‍ കഷ്ടത്തിലായത് നാദപുരം സ്വദേശികളായ രാജേഷും, ലെനീഷുമാണ്. ലെനീഷും, കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാമും നാദപുരത്ത് ഒരിടത്താണ് ജോലി ചെയ്യുന്നത്. മുഹമ്മദ് അവിടെ ഒരാളുടെ ജെസിബി ഓപ്പറേറ്ററും, ലെനീഷ് ടിപ്പര്‍ ലോറി ഡ്രൈവറുമായിരുന്നു. അങ്ങനെയാണ് തന്റെ ഒരു കൂട്ടുകാരന് നിധി കിട്ടിയ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും 7 ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു ലെനീഷിനെ മൂഹമ്മദ് വശത്താക്കുകയായിരുന്നു.
മുഹമ്മദിന്റെ വാക്കില്‍ വിശ്വസിച്ച ലെനീഷ് സ്വര്‍ണ പണിക്കാരന്‍ കൂടിയായ സുഹൃത്ത് രാജേഷുമായി ചേര്‍ന്ന് നിധി സ്വര്‍ണം വാങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു. ആസുത്രിതമായിട്ടാണ് അസം സ്വദേശികള്‍ പദ്ധതി പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പണം തട്ടിയെടുത്ത് ഓടിയപ്പോള്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് പരിക്ക് പറ്റിയതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. ട്രെയിന്‍ തട്ടി തെറിച്ച് വീണ് പരിക്ക് പറ്റിയ അബ്ദുള്‍ കലാമിനെ മുരിങ്ങൂരില്‍ നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൊരട്ടിയിലും അവിടെ നിന്ന് അങ്കമാലിയിലും പിന്നീട് പെരുമ്പാവൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇതാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുവാന്‍ കാരണമായത്.
പ്രതികളായ നാലു പേരേയും 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ ചാലക്കുടി പോലീസിന് കഴിഞ്ഞു. പോലീസിന് വഴിതിരിവായത് മുരിങ്ങൂര്‍ ഡിവൈന്‍ നഗറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിജിയുടെ മൊഴിയാണ്. പരിക്കേറ്റ അബ്ദുള്‍ കലാമിനേയും എടുത്ത് മുന്ന് പേരെത്തി അങ്കമാലിയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വാടക ഏറ്റിരുന്ന ജിജി ഇവരെ കൊരട്ടിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ജയനെന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഇവരെ അങ്കമാലിയിലെത്തിക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തെളിവൊന്നു ലഭിക്കാതെ വന്നതോടെയാണ് എസ്എച്ച്ഒ എം.കെ സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം പെരുമ്പാവൂരിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞത്.
പുഴയില്‍ ചാടിയ നാലു പേര്‍ക്കായി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ അഗ്നി രക്ഷാ സേനാഗംങ്ങളാണ് കേസില്‍ ദുരിതം അനുഭവിച്ചത്. ചാലക്കുടി പുഴിയില്‍ നാലു പേര്‍ ചാടിയെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി പുഴയില്‍ മണിക്കൂറുകള്‍ പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: