നിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് സർക്കാർ ഇന്നു പുറത്തുവിടും. 5 വർഷത്തിനു ശേഷമാണ് റിപ്പോർട്ട് പുറംലോകം അറിയുക. ഇന്നു വൈകീട്ട് നാലു മണിക്കാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവർത്തകർ അടക്കം അഞ്ചു പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക. 233 പേജുകൾ ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ ഭാഗമാണ് കൈമാറുക. 5 പേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയിൽ അടച്ചിട്ടുണ്ട്.
വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റുള്ള വിവരങ്ങൾ പുറത്ത് വിടാനാണ് കമ്മിഷൻ ഉത്തരവിട്ടത്. ആർടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്‌ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ അബ്ദുൽ ഹക്കീം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ. എന്നാൽ, 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവർത്തകരും രാഷ്‌ട്രീയ പ്രവർത്തകരുമെല്ലാം രംഗത്ത് വന്നിരുന്നു.
റിപ്പോർട്ട് വായിച്ച ശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാൻ കമ്മിഷൻ നിർദേശിച്ചത്. 49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളും 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.
2019 ഡിസംബർ 31 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പുറത്തുവന്നാൽ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്നും കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് അധ്യക്ഷ തന്നെ കത്ത് നൽകിയെന്നും തെളിവുകളില്ലാതെയുള്ള ആരോപണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വയ്‌ക്കാനാകില്ലെന്നുമൊക്കെ ന്യായീകരണങ്ങൾ പരസ്യമായും രഹസ്യമായും പറഞ്ഞാണ് സർക്കാർ റിപ്പോർട്ട് പൂഴ്‌ത്തിയത്.
2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്‌ക്കുള്ളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കുന്നതിന് ഹേമ കമ്മീഷൻ നിയമിക്കുന്നത്. തുടർന്ന് അതേ വർഷം ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിക്കുകയായിരുന്നു. തുടർന്ന് തൊഴിൽ അന്തരീക്ഷവും സിനിമാ മേഖലയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും അന്വേഷിക്കാൻ സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ദർ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്കുള്ള സൗകര്യമില്ലാത്തതിന്റെ പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം തുടങ്ങിയവും കമ്മീഷൻ റിപ്പോട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: