ആലപ്പുഴ: കാമ്പസ് ഫ്രണ്ട് ഭീകരവാദികള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍വച്ച് എബിവിപി പ്രവര്ത്തകന് വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ അക്രമം താന്‍ നേരില്‍ കണ്ടതാണെന്ന് സംഭവ കാലത്ത് ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ത്ഥിയും എബിവിപി നഗര്‍ സമിതി വൈസ് പ്രസിഡന്റുമായിരുന്ന വിനു രാജ് ക്രോസ് വിസ്താരത്തില്‍ കോടതിയില്‍ മൊഴി കൊടുത്തു. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി പി.പി. പൂജ മുമ്പാകെയാണ് സാക്ഷി മൊഴി നല്‍കിയത്.
ചെങ്ങന്നൂര്‍ ഭാഗത്ത് ലൗ ജിഹാദിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വിശാല്‍ സജീവമായി ഏര്‍പ്പെട്ടതിനാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വിശാലിനോട് ദേഷ്യം ഉണ്ടായിരുന്നതായി സാക്ഷി കോടതി മുമ്പാകെ പറഞ്ഞു. കോളേജില്‍ 2012 ജൂലെ 16ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിക്കുന്ന ദിവസമായിരുന്നതിനാല്‍ താനടക്കമുള്ള എബിവിപി പ്രവര്‍ത്തകര്‍ നവാഗതരെ സ്വീകരിച്ചു നിന്ന സമയം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും സാക്ഷി കോടതിയില്‍ മൊഴി നല്കി.
എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ച പ്രതികളെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. കേസിലെ തുടര്‍സാക്ഷി വിസ്താരം ഇന്ന് നടക്കും. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: