India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തി മാത്യൂസ് നെടുമ്പാറ; കോടതിയില്‍ നിന്നും നെടുമ്പാറയെ പുറത്താക്കാന്‍ സെക്യൂരിറ്റിയെ വിളിച്ച് ചന്ദ്രചൂഡ്

മാത്യൂസ് നെടുമ്പാറ: താങ്കള്‍ക്ക് അതിന് കഴിയില്ല. 1979 മുതല്‍ ഞാന്‍ ജൂഡീഷ്യറിയെ കാണുന്ന ഒരാളാണ്. (ഭീഷണി കലര്‍ന്ന ശബ്ദം). ചന്ദ്രചൂഢ്: ഇദ്ദേഹത്തെ (മാത്യൂസ് നെടുമ്പാറയെ) നീക്കം ചെയ്യാന്‍ സെക്യൂരിറ്റിയെ വിളിക്കൂ. കഴിഞ്ഞ 24 വര്‍ഷമായി ഈ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് സാക്ഷിയാണ് ഞാന്‍.

Published by

ന്യൂദല്‍ഹി: അനുകൂലവിധി കിട്ടിയില്ലെങ്കില്‍ ആ വിധിയെയും ആ വിധി പുറപ്പെടുവിച്ച അഭിഭാഷകനെയും പരസ്യമായി വിമര്‍ശിക്കുക എന്നത് ഇന്‍ഡി മുന്നണിയുടെയും എന്‍ജിഒകളുടെയും ജിഹാദികളുടെയും പതിവായി തീര്‍ന്നിരിക്കുന്നു, സമൂഹമാധ്യമങ്ങളിലായിരിക്കും വിധി പുറപ്പെടുവിച്ച ജസ്റ്റിസിനെതിരെ തെറിവിളി നടക്കുക.

മാത്യൂസ് നെടുമ്പറയുടെ ചീഫ് ജസ്റ്റിസിനോടുള്ള ഭീഷണിസ്വരത്തില്‍ നടത്തുന്ന വാദത്തിന്റെ വീഡിയോ കാണാം:

 

അത്തരമൊരു സന്ദര്‍ഭം പക്ഷെ സുപ്രീംകോടതിയിലെ വിചാരണമുറിയില്‍ തന്നെ അരങ്ങേറുക എന്നത് കോടതിക്കാര്യങ്ങള്‍ എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന ആശങ്ക ഉയര്‍ത്തുന്നു. അനുകൂല വിധിയില്ലെങ്കില്‍ പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും വന്‍തുക ഫീസ് വാങ്ങി വാദിക്കുന്ന അഭിഭാഷകര്‍ക്ക് പിന്നെ കലിയാണ്. പക്ഷെ ആ കലി അതിരുവിടുകയായിരുന്നു ചൊവ്വാഴ്ച. അത് നടത്തിയതാകട്ടെ മലയാളി അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയും. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് വാദിച്ച അഭിഭാഷകനായിരുന്നു മാത്യൂസ് നെടുമ്പാറ. നീറ്റ് പരീക്ഷാവിവാദം സംബന്ധിച്ച് വാദം കേള്‍ക്കുന്നതിനിടെയാണ് നെടുമ്പാറ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് തട്ടിക്കയറിയത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

നീറ്റ് പരീക്ഷ വിവാദത്തില്‍ പുനപരീക്ഷയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളും എന്‍ജിഒകളും ഗൂഢാലോചനക്കാരും എല്ലാം കാത്തുകാത്തിരുന്നത്. പക്ഷെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ലാത്തതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി ബെഞ്ച് വിധിക്കുകയായിരുന്നു. കോടതി വിധി തനിക്ക് എതിരാകുമെന്ന് ഏറെക്കുറെ മലയാളി അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ ഊഹിച്ചിരിക്കണം. അതാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് വാദപ്രതിവാദങ്ങള്‍ക്കിടെ കോടതി മുറികള്‍ക്കുള്ളില്‍ നെടുമ്പാറ തട്ടിക്കയറാന്‍ കാരണമായത്.

നീറ്റ് വിവാദം സംബന്ധിച്ച് വാദം നടക്കുന്നതിനിടെ ഒരു പരാതിക്കാരന് വേണ്ടി ഹാജരായ നരേന്ദര്‍ ഹൂഡ വാദം നടത്തുന്നിനിടെ മാത്യുസ് നെടുമ്പാറ അതില്‍ ഇടപെടുകയായിരുന്നു. ഇത് കോടതി നിയമത്തിന് എതിരാണ്.

മാത്യൂസ് നെടുമ്പാറ: എനിക്ക് ചിലത് പറയാനുണ്ട്. (നരേന്ദര്‍ ഹൂഡയുടെ വാദിച്ചുകൊണ്ടിരിക്കെ, അതിനിടയില്‍ കയറിയാണ് മാത്യൂസ് നെടുമ്പാറ ഇത്രയും പറഞ്ഞത്).

നരേന്ദ്രര്‍ ഹൂഡ അദ്ദേഹത്തിന്റെ വാദം പൂര്‍ത്തീകരിച്ച ശേഷം താങ്കള്‍ക്ക് സംസാരിക്കാമെന്ന് മാത്യൂസ് നെടുമ്പാറയോട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇതിന് മറുപടിയായി താനാണ് ഇവിടെ വാദിച്ചുകൊണ്ടിരിക്കുന്ന എല്ലാ അഭിഭാഷകരേക്കാള്‍ സീനിയര്‍ എന്നും അതിനാല്‍ തനിക്ക് അഭിപ്രായം പറയാമെന്നും മാത്യുസ് നെടുമ്പാറ വാദിച്ചു. “ഞാന്‍ അമികസ് ആണ്”- മാത്യൂസ് നെടുമ്പാറ പറഞ്ഞു.

ഒരു അമികസിനെയും ഞാന്‍ നിയമിച്ചിട്ടില്ലെന്നായിരുന്നു ഇതിന് ചന്ദ്രചൂഡിന്റെ മറുപടി. താങ്കള്‍ എന്നെ ബഹുമാനിച്ചില്ലെങ്കില്‍ ഞാന്‍ കോടതി മുറി വിട്ടിറങ്ങും എന്നായിരുന്നു ഇതിന് മാത്യൂസ് നെടുമ്പാറയുടെ മറുപടി.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്: ഞാന്‍ താങ്കളെ ഓര്‍മ്മപ്പെടുത്തുകയാണ്. ഗ്യാലറിയെ താങ്കള്‍ അഭിസംബോധന ചെയ്യേണ്ടതില്ല. ഞാനാണ് കോടതിയുടെ അധ്യക്ഷന്‍. താങ്കള്‍ ചെയറിനോട് മര്യാദയില്ലാതെ പെരുമാറരുത്. ഞാന്‍ സെക്യൂരിറ്റിയെ വിളിക്കും.
മാത്യൂസ് നെടുമ്പാറ: താങ്കള്‍ക്ക് അതിന് കഴിയില്ല. 1979 മുതല്‍ ഞാന്‍ ജൂഡീഷ്യറിയെ കാണുന്ന ഒരാളാണ്. (ഭീഷണി കലര്‍ന്ന ശബ്ദം).
ചന്ദ്രചൂഢ്: ഇദ്ദേഹത്തെ (മാത്യൂസ് നെടുമ്പാറയെ) നീക്കം ചെയ്യാന്‍ സെക്യൂരിറ്റിയെ വിളിക്കൂ. കഴിഞ്ഞ 24 വര്‍ഷമായി ഈ രാജ്യത്തെ നിയമവ്യവസ്ഥയ്‌ക്ക് സാക്ഷിയാണ് ഞാന്‍.
മാത്യൂസ് നെടുമ്പാറ: ഞാന്‍ ഇറങ്ങിപ്പോവുകയാണ്. എന്നെ അപമാനിക്കരുത്. (മാത്യൂസ് നെടുമ്പാറ ഇറങ്ങിപ്പോകുന്നു. )
ചന്ദ്രചൂഢ്: അത് നിങ്ങള്‍ പറയേണ്ട കാര്യമില്ല. ഈ കോടതിയിലെ നടപടികള്‍ അഭിഭാഷകര്‍ തീരുമാനിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. താങ്കള്‍ മറ്റൊരാളുടെ വാദത്തില്‍ ഇടപെടാന്‍ പാടില്ല.

ഒടുവില്‍ ക്ഷമ കെട്ട ചന്ദ്രചൂഡ് ഇയാളെ പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കാന്‍ ഉത്തരവിട്ടു. അതോടെ ഗത്യന്തരമില്ലാതെ വിചാരണക്കോടതിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു മാത്യു നെടുമ്പാറ.

ഇത് ഒരു ചൂണ്ടുപലകയാണ്. അനുകൂല വിധിയില്ലെങ്കില്‍ നാളെ സുപ്രീംകോടതി മുറിയില്‍ എന്തും നടന്നേക്കാമെന്നതിന്റെ സൂചനയാണ് ഇതെന്ന് നിയമവിദഗ്ധരില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക