കോട്ടയം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ മറവില്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയത് പകല്‍ക്കൊള്ളയാണെന്ന് ഒടുവില്‍ സി.പി.എമ്മിനും ബോധ്യമായി. കെട്ടിടത്തില്‍ പെര്‍മിറ്റ് ഫീസ് കുത്തനെ ഉയര്‍ത്തിയ 2023ലെ തീരുമാനം പുന:പരിശോധിക്കാനാന്‍ സിപിഎം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ചരിത്രത്തില്‍ ഇതുവരെ ഒരു സര്‍ക്കാരും ചെയ്തിട്ടില്ലാത്തവിധമുള്ള വര്‍ദ്ധനയായിരുന്നു കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസിലും അനുമതിയിലും വരുത്തിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും കനത്ത തോല്‍വി ആവര്‍ത്തിക്കാനുണ്ടായ കാരണങ്ങളില്‍ ഒന്നും അതായിരുന്നു. അടുത്തിടെ വീടു വച്ച ഒരാള്‍ പോലും ഈ സര്‍ക്കാരിനെ ഈ ജന്മത്തില് പിന്തുണക്കില്ലാത്ത വിധമുള്ള വര്‍ദ്ധനയാണ് കൊണ്ടുവന്നത്. വര്‍ദ്ധന അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന് പല കോണുകളില്‍നിന്നും മന്ത്രി സഭയില്‍ നിന്നു പോലും വിമര്‍ശനം ഉയര്‍ന്നിട്ടും പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായില്ല. അപേക്ഷാ ഫീസ് 50 രൂപയെന്നത് 1000 രൂപയായാണ് കുത്തനെ കൂട്ടിയത്. ഇരുപതിരട്ടി! പെര്‍മിറ്റ് ഫീസ് പഞ്ചായത്തിലെ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍ നിന്ന് 7500 രൂപയായും ഇടത്തരം വീടുകള്‍ക്ക് വിസ്തീര്‍ണ്ണമനുസരിച്ച് ശരാശരി 1750 രൂപയില്‍ നിന്ന് 25000 രൂപയായും കൂട്ടി. മുനിസിപ്പാലിറ്റികളില്‍ ഇടത്തരം വീടുകള്‍ക്ക് വിസ്തീര്‍ണ്ണമനുസരിച്ച് ശരാശരി 2500 രൂപയായിരുന്നത് 30000 രൂപക്കു മേല്‍ വര്‍ധിപ്പിച്ചു. പത്തിരട്ടിയിലേറെ. ജനങ്ങളില്‍ നിന്ന് കരണമടച്ച് അടി കിട്ടിയതോടെ പാര്‍ട്ടിക്ക് വെളിവു വീണെന്നു വേണം കരുതാന്‍. ഇനി മുഖ്യമന്ത്രി എന്തു നിലപാടെടുക്കുമെന്നാണ് അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: