കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അന്തരിച്ച കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയോടൊപ്പമാണ് ഈ ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ഗിരീഷ് ബാബുവിന്റെ ഹര്‍ജി ജൂലൈ 26ലേക്ക് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള പ്രവര്‍ത്തനരഹിത കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന ബാബുവിന്റെ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
സിഎംആര്‍എലില്‍ നിന്ന് പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും ബാബു ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ, ഗിരീഷ്ബാബു മരിച്ചതോടെ നടപടികള്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അടുത്ത ബന്ധുക്കള്‍ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. എന്നാല്‍, തുടര്‍നടപടികള്‍ക്കും തീര്‍പ്പിനുമായി വിഷയം തുടരാന്‍ ബെഞ്ച് അമിക്കസ് ക്യൂറിയെ നിയോഗിച്ചു.
അതേസമയം, ഇതേ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: