ഡാംബുള്ള: വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഭാരതത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയില്‍ നിന്നും ടീം സെമി ബെര്‍ത്ത് ഏറെക്കുറേ ഉറപ്പിച്ച നിലയിലേക്കെത്തി. 78 റണ്‍സിന് നേടിയ ഇന്നലത്തെ വിജയത്തോടെ ഭാരതത്തിന് നാല് പോയിന്റായി. നെറ്റ് റണ്‍നിരക്കിലും മറ്റ് ടീമുകളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഭാരതം.
താരതമ്യേന ദുര്‍ബലരായ യുഎഇക്കെതിരെ ഓള്‍റൗണ്ട് മികവിലുള്ള വിജയമാണ് ഭാരതം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഭാരതം മുന്നില്‍ വച്ച 202 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന യുഎഇക്ക് 20 ഓവറില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഭാരതത്തിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രേണുക സിങ്, തനൂജ കന്‍വാര്‍, പൂജ വസ്ത്രാകാര്‍, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. യുഎഇക്ക് വേണ്ടി നായിക ഈഷ രോഹിത്തും(38) കവിഷ ഇഗോഡേജും(പുറത്താകാതെ 40) മാത്രമേ പൊരുതി നിന്നുള്ളൂ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഭാരതത്തിനായി ഷഫാലി വര്‍മ(18 പന്തില്‍ 37) മികച്ച തുടക്കം നല്കി. എന്നാല്‍ മറുവശത്ത് സ്മൃതി മന്ഥാന(13), ദയാളന്‍ ഹേമലത(രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് ഓവറിന് ശേഷം നിലയുറപ്പിക്കാന്‍ തുടങ്ങിയ നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനത്തോടെ(47 പന്തില്‍ 66) ടീമിനെ നയിച്ചു. താരത്തിനൊപ്പം റിച്ച ഘോഷ്(പുറത്താകാതെ 29 പന്തില്‍ 64) കൂടി ചേര്‍ന്നതോടെ ഭാരതത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒടുവില്‍ ടീം ടോട്ടല്‍ നിശ്ചിത 20 ഓവറില്‍ എത്തി നിന്നത് അഞ്ചിന് 201 എന്ന വമ്പന്‍ ടോട്ടലില്‍. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങോടെ ഭാരതത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ച റിച്ച ഘോഷ് ആണ് കളിയിലെ താരമായത്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് നേപ്പാളിനെ തോല്‍പ്പിച്ചു. ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്ഥാന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്ത നേപ്പാളിനെ 11.5 ഓവറില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ ആദ്യ ജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: