ന്യൂദല്‍ഹി: ലക്ഷദ്വീപില്‍ രണ്ട് സൈനിക വിമാനത്താവളങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. മേഖലയില്‍ സായുധ സേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനാണിത്. മിനിക്കോയിയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനും അഗത്തിയില്‍ നിലവിലുള്ള വിമാനത്താവളത്തിലെ റണ്‍വേ വികസിപ്പിക്കുന്നതിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ദ്വീപിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സൈനികാവശ്യങ്ങള്‍ക്കു പുറമേ വാണിജ്യാവശ്യങ്ങള്‍ക്കും ഇവ ഉപയോഗപ്പെടുത്തും.
മിനിക്കോയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള ആലോചന മുമ്പുതന്നെ കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ സൈനിക ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ ഈയിടെയാണ് ഉയര്‍ന്നുവന്നത്. സൈനിക ആവശ്യങ്ങള്‍ക്കുതകുന്ന രീതിയില്‍ വിമാനത്താവളം വരുന്നതോടെ അറബിക്കടലില്‍ നിരീക്ഷണം വ്യാപിപ്പിക്കാം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് നാവികസേന തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയും പാകിസ്ഥാന് നാവിക സേനയുമായി അടുത്ത് സഹകരിക്കുകയും ചെയ്യുന്ന സമയത്താണ് ഭാരതത്തിന്റ ഈ നിര്‍ണായക നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: