തൊടുപുഴ: പത്രാധിപര്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, രാജനൈതിക രംഗത്തെ സംഘാടകന്‍, ആര്‍എസ്എസ്പ്രചാരകന്‍, ഭാഷാപണ്ഡിതന്‍, തുടങ്ങിയ മേഖലകളിലൂടെ പ്രശസ്തനായ ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്റെ നവതി ആഘോഷങ്ങള്‍ക്ക് 25ന് തൊടുപുഴയില്‍ തുടക്കമാകും.
ഇടുക്കി ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പി. നാരായണന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കും. തൊടുപുഴ മണക്കാട് ഒറ്റപ്ലാക്കല്‍ എം. എസ്. പദ്മനാഭന്‍ നായരുടെയും ചെറുകോടിക്കുളത്ത് സി.കെ. ദേവകി അമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തവനായിട്ടാണ് പി. നാരായണന്റെ ജനനം.
മണക്കാട് എന്‍എസ്എസ് മലയാളം സ്‌കൂളിലും തൊടുപുഴ ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂളിലും തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലും യൂണിവേഴ്സിറ്റി കോളജിലുമായി ഉന്നത വിദ്യാഭ്യാസം. കുറച്ചുകാലം മണക്കാട് സ്‌കൂളില്‍ അദ്ധ്യാപകന്‍. 1957ല്‍ ജോലി, കുടുംബം എല്ലാം ഉപേക്ഷിച്ച് ആര്‍എസ്എസിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി. 1967 വരെ ഗുരുവായൂര്‍, തലശ്ശേരി, കണ്ണൂര്‍ താലൂക്ക് പ്രചാരകനായും കണ്ണൂര്‍, കോട്ടയം ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു. ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ദേശീയ നിര്‍വാഹക സമിതി അംഗം, വിശ്വസംവാദ കേന്ദ്രം, സ്വദേശി ജാഗരണ്‍ മഞ്ച് എന്നിവയയുടെ സംസ്ഥാന സംയോജകന്‍ തുടങ്ങിയ ചുമതലകളിലും പ്രവര്‍ത്തിച്ചു.
1957 മുതല്‍ കേസരി വാരികയില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 20 വര്‍ഷം ഹിന്ദി പ്രസിദ്ധീകരണമായ പാഞ്ചജന്യ, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ എന്നിവയുടെ കേരള ലേഖകനായിരുന്നു. ജന്മഭൂമി ആരംഭിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. ജന്മഭൂമി ജനറല്‍ മാനേജര്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച് കാല്‍ നൂറ്റാണ്ടിനു ശേഷം 2000ല്‍ വിരമിച്ചു.
അദ്ദേഹത്തെ ആദരിക്കാന്‍ 25ന് വൈകിട്ട് അഞ്ച് മുതല്‍ തൊടുപുഴ ഇടയ്‌ക്കാട്ടുകയറ്റം ജോഷ് പവലിയനില്‍ സംഘപഥത്തിലെ നാരായണം എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തില്‍ തൊടുപുഴ സംഘ ജില്ലയിലെ കാര്യകര്‍ത്താക്കള്‍ കുടുംബസമേതം പങ്കെടുക്കും. ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് വി. ഭാഗയ്യ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: