ഡാംബുള്ള: വനിതകളുടെ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഭാരതം ചിരവൈരികളായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തു. ഇന്നലെ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഭാരതം 19.2 ഓവറില്‍ 108 റണ്‍സില്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഭാരതം 35 പന്തുകള്‍ ഓവറുകള്‍ ബാക്കിനില്‍ക്കെ മത്സരം വിജയിച്ചു.
ഓപ്പണര്‍മാരായ ഷഫാലി വര്‍മയും(40) സ്മൃതി മന്ഥാനയും(45) വിജയം ഉറപ്പാക്കിയ ശേഷമാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 9.3 ഓവറില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നായിക ഹര്മന് പ്രീത് കൗര്‍(അഞ്ച്), ജെമീമ റോഡ്രിഗസ്(മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.
ടോസ് നേടിയ പാകിസ്ഥാന് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രേണുക സിങ്, പൂജ വസ്ത്രാകാര്‍, ദീപ്തി ശര്‍മ ശ്രയങ്ക പാട്ടീല്‍ എന്നിവരുടെ ബൗളിങ് മികവിലാണ് പാകിസ്ഥാനെ ഭാരതത്തിന് ചുരുങ്ങിയ സ്കോറില്‍ ഒതുക്കാന്‍ സാധിച്ചത്. നാല് ഓവര്‍ എറിഞ്ഞ രേണുക സിങ് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.
ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യ ജയം സ്വന്തമാക്കി നേപ്പാള്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീം. വനിതാ ഏഷ്യാകപ്പ് ട്വന്റി20 2024ലെ ഉദ്ഘാടന മത്സരത്തില്‍ യുഎഇയെ തോല്‍പ്പിച്ചുകൊണ്ടാണ് ടീം വിജയം ആഘോഷിച്ചത്. ഗ്രൂപ്പ് എയില്‍ നിന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു നേപ്പാളിന്റെ വിജയം.
ടോസ് നേടിയ നേപ്പാള്‍ യുഎഇയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറില്‍ അവരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ നേപ്പാള്‍ ലക്ഷ്യം മറികടന്നു. 23 പന്തുകള്‍ ബാക്കിവച്ചുകൊണ്ടായിരുന്നു നേപ്പാളിന്റെ ജയം. ഓപ്പണര്‍ സംഝാന ഖഡ്ക പുറത്താകാതെ നടത്തിയ ഒറ്റയാള്‍ പ്രകടനമാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 45 പന്തില്‍ 72 റണ്‍സ് നേടിയ സംഝാനയാണ് കളിയിലെ താരമായത്. ക്രീസില്‍ വന്നുപോയ മറ്റ് അഞ്ച് നേപ്പാള്‍ താരങ്ങളില്‍ ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയത് 10 റണ്‍സെടുത്ത റുബിന ഛേത്രി ആണ്.
നേരത്തെ നേപ്പാള്‍ നായിക ഇന്ദു ബര്‍മയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തോടുകൂടിയ ബൗളിങ് മികവാണ് യുഎഇ ഇന്നിങ്സിന്റെ നടുവൊടിച്ചത്. യുഎഇക്കായി 36 റണ്‍സെടുത്ത മദ്ധ്യനിര താരം ഖുഷി ശര്‍മയും(36) കവിശ ഇഗോഡെയ്ജും(22) മാത്രമാണ് ഭേദപ്പെട്ട പ്രകടനമെങ്കിലും കാഴ്ച്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: