തിരുവല്ല: കിഴക്കൻ മുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ വൻ കവർച്ച. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കള്ളന്മാർ കുത്തിതുറന്നു. ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും അടക്കം അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ ആണ് കവർന്നത്. മോഷണം പതിവാണെന്നും പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടു.
പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്. ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും പിത്തള പറയും ഉൾപ്പെടെ മോഷണം പോയതായി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം.ആർ. ശശികുമാർ പറഞ്ഞു.
മോഷണ മുതൽ കൊണ്ടുപോകുവാൻ തസ്കരസംഘം ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായി പൊലീസിന് സംശയമുണ്ട്. ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മോഷണം പതിവായതോടെ ക്ഷേത്രത്തിൽ വാച്ചറെ നിയോഗിക്കുവാൻ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: