പത്തനംതിട്ട: തെരഞ്ഞെടുപ്പു തോല്‍വിയുടെ പേരില്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വീണ്ടും എസ്എന്‍ഡിപി യോഗത്തിനെതിരേ. എസ്എന്‍ഡിപിയെ അതിശക്തമായെതിര്‍ക്കാനും പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപിയെ ഹിന്ദുത്വ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുപോകുകയാണ്, അദ്ദേഹം പറഞ്ഞു. കോന്നിയില്‍, കെഎസ്‌കെടിയു പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ചെറിയ ഇടവേളയ്‌ക്കു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എസ്എന്‍ഡിപിക്കെതിരേ ആക്രമണം കടുപ്പിച്ചത്.
എസ്എന്‍ഡിപി നീക്കത്തെ ഇടതുപക്ഷം അതിശക്തമായി എതിര്‍ക്കണം. വെള്ളാപ്പള്ളിയുടെ ഭാര്യ ആലപ്പുഴയില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനു നേതൃത്വം കൊടുത്തു. സംസ്ഥാനമൊട്ടാകെ എല്‍ഡിഎഫിനു ലഭിക്കേണ്ട വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഈഴവ വോട്ടില്‍ നല്ലൊരു ശതമാനം ബിഡിജെഎസ് വഴി ബിജെപിയിലെത്തിയെന്നും ഗോവിന്ദന്‍ പറഞ്ഞു.
വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങളെ തുണയ്‌ക്കുന്നവരാണ് കേരളത്തിലെ 80 ശതമാനം ജനങ്ങളുമെന്നാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. കേരള ജനതയ്‌ക്ക് ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. ഇതിനായി ജനം ഇന്ത്യ മുന്നണിയെ പിന്തുണച്ച് കോണ്‍ഗ്രസിനു വോട്ടു ചെയ്യുകയായിരുന്നു. 19 മണ്ഡലങ്ങളിലും തോറ്റെങ്കിലും എല്‍ഡിഎഫിന്റെ വോട്ടിങ് ശതമാനം വര്‍ധിച്ചെന്നും സിപിഎം സെക്രട്ടറി അവകാശപ്പെട്ടു.
തൃശ്ശൂരില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കു പോയതാണ് അവര്‍ക്കു കേരളത്തില്‍ ഒരു സീറ്റ് നേടാന്‍ കഴിഞ്ഞത്. ഇത് പാര്‍ട്ടി ഗൗരവമായി കാണും. എസ്എന്‍ഡിപി യോഗത്തെ കാവിക്കൊടിക്കീഴില്‍ കെട്ടാനുള്ള ശ്രമത്തിനെതിരേ പാര്‍ട്ടി ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരില്‍ സിപിഎം വോട്ടുകളും ബിജെപിക്കു പോയെന്നു സമ്മതിച്ച ഗോവിന്ദന്‍, കോണ്‍ഗ്രസ് ചെലവിലാണ് ബിജെപി വിജയിച്ചതെന്ന വാദത്തിനാണ് ഊന്നല്‍ നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: