മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് താരമായി ഫ്രഞ്ച് സൂപ്പര്‍ ഫുട്ബോളര് കിലിയന്‍ എംബാപ്പെയെ അത്യുജ്ജ്വലമായി വരവേറ്റു. ഇന്നലെ നടന്ന ഗംഭീര ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറെന്റിനോ പെരെസിന്റെ നേതൃത്വത്തിലാണ് വരവേറ്റത്. സെന്റര്‍ സ്ട്രൈക്കര്‍ക്ക് നല്‍കിവരുന്ന ഒമ്പതാം നമ്പര്‍ ജേഴ്സി നല്‍കിയാണ് താരത്തെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. റയലിന്റെ വെലുപ്പില് നീല നിറത്തോടുകൂടിയ ഒമ്പതാം നമ്പര്‍ ജേഴ്സി അണിഞ്ഞുകൊണ്ടാണ് എംബാപ്പെ ചടങ്ങിനെത്തിയത്. സാന്റിയാഗോ ബെര്‍ണബ്യുവിലാണ് ചടങ്ങ് അരങ്ങേറിയത്.
വര്‍ഷങ്ങളായി ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയ്നില്‍(പിഎസ്ജി) കളിച്ചുകൊണ്ടിരുന്ന എംബാപ്പെ ഫ്രീ ട്രാന്‍സ്ഫര്‍ താരമായാണ് റയലിലെത്തിയത്. നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡുമായി അഞ്ച് വര്‍ഷ കരാറാണ് എംബാപ്പെയ്ക്കുള്ളത്. സ്റ്റഡിയത്തിലേക്കെത്തും മുമ്പാണ് എംബാപ്പെ ക്ലബ്ബ് അധികൃതരുമായി കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇതിന് മുമ്പ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡില്‍ എത്തിയപ്പോള്‍ ആണ് ക്ലബ്ബ് ഇത്രയേറെ ആഘോഷത്തോടെയുള്ള ഒരു വരവേല്‍പ്പൊരുക്കിയത്. അന്നും ഒമ്പതാം നമ്പര്‍ ജേഴ്സി നല്‍കിക്കൊണ്ടാണ് ക്രിസ്റ്റ്യാനോയെ വരവേറ്റത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ ഗംഭീര വരവേല്‍പ്പ്.
ചരിത്ര നിമിഷമായി ആഘോഷിക്കാന്‍ കൊതിച്ച റയല്‍ ആരാധകര്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞു. ഏകദേശം 85,000 പേര് ഗാലറിയില്‍ എംബാപ്പെയുടെ വരവേല്പ്പിന് സാക്ഷികളായിക്കാണുമെന്ന് കണക്കാക്കുന്നു.
ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയില്‍ കളിച്ചുതുടങ്ങിയ എംബാപ്പെ 16-ാം വയസിലാണ് പിഎസ്ജിയിലെത്തിയത്. 2017-18 സീസണ് മുതല്‍ ഇക്കഴിഞ്ഞ സീസണ് വരെ ഫ്രഞ്ച് ഫുട്ബോളിലെ ഇപ്പോഴത്തെ ഈ ഒന്നാം നമ്പര്‍ ടീമില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: