മുംബൈ: ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 200 ശതമാനത്തില്‍ അധികം ലാഭം നല്‍കിയ കമ്പനിയാണ് തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലറി. 2023 ജൂലായില്‍ 1.35 ലക്ഷം മുടക്കിയ ഒരു നിക്ഷേപകന് ഇപ്പോള്‍ കയ്യില്‍ കിട്ടുക 5.27 ലക്ഷമാണ്. എന്നാല്‍ ഈ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി ഇനിയും വളരുമെന്നും നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം ലഭിക്കുമെന്നുമാണ് ബ്രോക്കറേജ് കമ്പനിയായ മോട്ടിലാല്‍ ഓസ് വാള്‍ പറയുന്നത്. 2023 ജൂലായില്‍ ഒരു കല്യാണ്‍ ജ്വല്ലറി ഓഹരിയുടെ വില 135 രൂപ മാത്രമായിരുന്നു. 2024 ജൂലായില്‍ എത്തിനില്‍ക്കുമ്പോള്‍ അത് 527 രൂപയായി ഉയര്‍ന്നിരിക്കുന്നു.
ഇപ്പോള്‍ 527 രൂപയില്‍ എത്തിനില്‍ക്കുന്ന കല്യാണ്‍ ജ്വല്ലറിയുടെ ഓഹരി വൈകാതെ 570ല്‍ എത്തുമെന്നാണ് മോട്ടിലാല്‍ ഓസ് വാളിന്റെ പ്രവചനം. ഡയമണ്ട്, സ്വര്‍ണ്ണാഭരണങ്ങള്‍, രത്നക്കല്ല് എന്നീ മേഖലകളിലാണ് കല്യാണ്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.
സാധാരണക്കാര്‍ വരെ ആസൂത്രിത ജ്വല്ലറിയിലേക്ക് നീങ്ങുന്ന പ്രവണതയാണെന്നും ഇന്ത്യക്കാര്‍ കൂടുതല്‍ തുകയ്‌ക്ക് സ്വര്‍ണ്ണം വാങ്ങുന്ന പ്രവണതയുണ്ടെന്നും ഗുണനിലവാരവും വൈവിധ്യവും നിലനിര്‍ത്തുന്ന കല്യാണിനെപ്പോലുള്ള ജ്വല്ലറികള്‍ക്ക് വന്‍വളര്‍ച്ചാസാധ്യതയുണ്ടെന്നുമാണ് മോട്ടിലാല്‍ ഓസ് വാള്‍ പ്രവചിക്കുന്നത്. കല്യാണിന് 600 കോടി കടമുണ്ടെങ്കിലും അത് അടുത്ത രണ്ട് വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കല്യാണിനാകുമെന്നും മോട്ടിലാല്‍ ഓസ് വാള്‍ നിരീക്ഷിക്കുന്നു. ഫ്രാഞ്ചൈസ് മോഡലില്‍ വികസിക്കുന്ന രീതിയാണ് കല്യാണ്‍ ജ്വല്ലറി പിന്തുടരുന്നതെന്നും മോട്ടിലാല്‍ ഓസ് വാള്‍ പറയുന്നു. തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി നിക്ഷേപകര്‍ക്ക് ഒരു സ്വര്‍ണ്ണഖനിയാണെന്ന് പറയപ്പെടുന്നു.
2024 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസപാദത്തില്‍ 4563 കോടിയായിരുന്നു വരുമാനം. പക്ഷെ 2023ല്‍ ഇതേ കാലയളവില്‍ 5243 കോടിയായിരുന്നു വരുമാനം. അതായത് വരുമാനത്തില്‍ 12.96 ശതമാനത്തിന്റെ കുറവുണ്ട്.അതേ സമയം കമ്പനി കഴിഞ്ഞ ത്രൈമാസ പാദത്തില്‍ 137.49 കോടിയുടെ അറ്റാദായം നേടി.
ഉടമകളായ ടി.എസ്. കല്യാണരാമന്റെ കുടുംബത്തിനാണ് കമ്പനിയുടെ 60.59 ശതമാനം ഓഹരികളും. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ബാക്കി 21.18 ശതമാനം കയ്യില്‍ വെച്ചിരിക്കുന്നു. ഇന്ത്യയ്‌ക്കകത്തെ ആഭ്യന്തരനിക്ഷേപകരുടെ കയ്യില്‍ 11.75 ശതമാനം ഓഹരികളുണ്ട്. കല്യാണരാമന് റീട്ടെയ്ല്‍ ജ്വല്ലറി ബിസിനസില്‍ 46 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. 72 വയസ്സായ കല്യാണ്‍രാമന്‍ എന്ന കോടിപതിയായി ബിസിനുസുകാരന്‍ ഇന്നും കസ്റ്റമേഴ്സിനെ വിളിക്കും. കല്യാണ്‍ ജ്വല്ലറിയുടെ സേവനത്തെയും ഉല്‍പന്നങ്ങളെയും കുറിച്ചറിയാനാണിത്. കസ്റ്റമേഴ്സിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് ചുവടുവെയ്‌ക്കാന്‍ സാധിച്ചതാണ് കല്യാണ്‍ ജ്വല്ലറിയുടെ വിജയമെന്നതാണ് കല്യാണ്‍രാമന്റെ ആപ്തവാക്യം. അദ്ദേഹത്തിന്റെ മക്കളായ ടി.കെ. സീതാറാമും ടി.കെ. രമേഷും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരാണ്. ഇന്ത്യയുടെ മുന്‍ കംട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയും ഡയറക്ടര്‍മാരില്‍ ഒരാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക