തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി ശുചീകരണത്തൊഴിലാളി ജോയി മരിച്ചതിലെ ഗുരുതര വീഴ്ച മറയ്ക്കാന്‍ റെയില്‍വേയെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍. റെയില്‍വെയാണ് മാലിന്യം നീക്കാത്തതിന് ഉത്തരവാദിയെന്ന് ആരോപിച്ച് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ മന്ത്രിമാരും മേയര്‍ ആര്യാരാജേന്ദ്രനും രംഗത്ത്. മോര്‍ച്ചറിയില്‍ മേയറുടെ വക കണ്ണീര് നാടകവും.
ജോയിക്കായുള്ള തെരച്ചിലിനിടെ ടണ്‍ കണക്കിന് മാലിന്യം പാറപോലെ കെട്ടിക്കിടക്കുന്നത് ദുരന്ത നിവാരണ സേനയാണ് കണ്ടെത്തിയത്. മാലിന്യം ഉറച്ച് പാറപോലെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ മാലിന്യ നീക്കത്തിലെ നഗരസഭയുടെ വീഴ്ചയും പുറത്തുവന്നു. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനായി മേയറും മന്ത്രിമാരും റെയില്‍വേയുടെ ചുമലില്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള നീക്കം ആരംഭിച്ചു.
മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്വവും ജോയിക്കുണ്ടായ ദുരന്തവും റെയില്‍വേ കാരണമെന്നാണ് മേയര്‍ ആര്യാരാജേന്ദ്രന്റെ വാദം. ഖരമാലിന്യം സംസ്കരിക്കുന്നുവെന്ന റെയില്‍വെയുടെ വാദം തെറ്റാണെന്നും ടണലില്‍ റെയില്‍വെ ഖരമാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നുമാണ് മേയര്‍ ആരോപിക്കുന്നത്. ഇതിന് കുടപിടിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി.
1995ല്‍ മേയറായിരുന്നപ്പോള്‍ താനും ശ്രമിച്ചതാണെന്നും അന്ന് റെയില്‍വെ അനുവദിച്ചില്ലെന്നും ആരോപിച്ച് ശിവന്‍കുട്ടി മേയറെ സംരക്ഷിക്കാനെത്തി. ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്‍കണമെന്നും വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ശിവന്‍കുട്ടിയെ പിന്തുണച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വന്നു. പലതവണ റെയില്‍വേക്ക് നഗരസഭ കത്തുനല്‍കിയിരുന്നതാണെന്നും എന്നാല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
എന്നാല്‍ 2015, 2017, 2019 വര്‍ഷങ്ങളില്‍ കോര്‍പ്പറേഷനാണ് അപകടമുണ്ടായ ഭാഗം ശുചീകരിച്ചത്. ഇത്തവണ കോര്പ്പറേഷന് അസൗകര്യം പറഞ്ഞപ്പോള്‍ നല്ല ഉദ്ദേശത്തോടെ റെയില്‍വേ ഏറ്റെടുക്കുകയായിരുന്നു എന്നാണ് എഡിആര്‍എം എം.ആര്. വിജി മാധ്യമങ്ങളോട് പറഞ്ഞത്. അപകടം നടന്നത് റെയില്‍വെയുടെ നിയന്ത്രണത്തിലുള്ള ഭാഗത്താണെന്നാണ് റെയില്‍വേയെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ കണ്ടെത്തുന്ന ന്യായം. എന്നാല്‍ മാലിന്യം ഒഴുകിയെത്തുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണെന്ന വസ്തുത നഗരസഭ മറച്ചുവയ്ക്കുന്നു. നഗരത്തിലെ ചെറിയ ഓടകളിലും തോടുകളിലുമുള്‍പ്പെടെ മാലിന്യം കുന്നകൂടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ല. ഒരാളുടെ ജീവന് മാലിന്യത്തില്‍ പൊലിഞ്ഞിട്ടും നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട്ടിലുള്‍പ്പെടെ നീരൊഴുക്കുകളിലും ഓടകളിലും മറ്റും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം നീക്കാന്‍ അടിയന്തര നടപടികളൊന്നും നഗരസഭ ഇതുവരെ സ്വീകരിച്ചിട്ടില്ല. പകരം ജോയിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചപ്പോള്‍ കള്ളക്കണ്ണീര് പൊഴിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകമാത്രമാണ് മേയര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: