തിരുവനന്തപുരം: തകരാറിലായ മീറ്റര്‍ മാറ്റിയതിന്റെ പേരില്‍ കാസര്‍കോട് കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ജീവനക്കാരെ ആക്രമിക്കുന്ന ക്രിമിനലുകളെ ജാമ്യമില്ലാ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യണമെന്നും കേരള വൈദ്യുതി മസ്ദൂര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന് കീഴിലുള്ള നല്ലോമ്പുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ ജീവനക്കാരന് അരുണിനും അനീഷിനുമാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കേടായ മീറ്റര്‍ മാറിയ ശേഷം തിരികെ പോകുന്നതിനായി ബൈക്കില്‍ കയറിയ ജീവനക്കാരെ ബൈക്കിന്റെ പിന്നില്‍ ജീപ്പ് ഇടിച്ച് വീഴ്ത്തി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് പൊതുജനസേവനം പരിമിതപ്പെടുത്തി അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഇതുവഴി പൊതുമേഖലയെ സ്വകാര്യവല്‍ക്കരണത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും ഇരട്ടത്താപ്പാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നത്. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ അക്രമകാരികള്‍ രക്ഷപ്പെടുന്നത് ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ 24 വൈദ്യുതി ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്.
കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിമിനലുകളെ രാജ്യദ്രോഹ കുറ്റംചുമത്തി തുറങ്കിലടയ്ക്കണം. അക്രമികളെ സഹായിക്കുന്നതിന് ഓഫീസര്‍മാരെ സ്വാധീനിക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ നടപടി അവസാനിപ്പിക്കണമെന്നും കേരള വൈദ്യുതി മസ്ദൂര്‍ സംഘം സംസ്ഥാന സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: