കൊച്ചി: രാജ്യത്ത് ക്രിമിനല്‍ നടപടി നിയമങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ ചര്‍ച്ച സായാഹ്നങ്ങളും സെമിനാറും സംഘടിപ്പിക്കുമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി. ആഗസ്ത് 15ന് മുന്‍പായി എല്ലാ ജില്ലകളിലും ബിജെപി ലീഗല്‍ സെല്‍ അടിയന്തരാവസ്ഥയും ഭരണഘടന സംരക്ഷണവും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കോര്‍ട്ട് ഫീസ് വര്‍ധിപ്പിച്ചത് പുനപരിശോധിച്ചെങ്കിലും അധിക ഫീസ് ഒഴിവാക്കാന്‍ തയാറായില്ല.
കുടുംബ കോടതികളില്‍ സ്വത്തുവകകള്‍ക്ക് ഫാമിലി കോര്‍ട്ട് ആക്ട് പ്രകാരമുള്ള ഹര്‍ജിക്ക് കോര്‍ട്ട് ഫീ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സാധാരണക്കാരായ സ്ത്രീകള്‍ക്കും ഗാര്‍ഹിക പീഡനത്തിലും കുടുംബ തര്‍ക്കങ്ങളിലും ഇരകള്‍ ആയവര്‍ക്കും മേല്‍ സര്‍ക്കാര്‍ നടത്തുന്ന ദ്രോഹ നടപടിയാണ്. കുടുംബ കോടതികളിലെ കോര്‍ട്ട് ഫീസ് വര്‍ധനവ് പൂര്‍ണമായും ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കോര്‍ട്ട് ഫീസുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ അഭിഭാഷകരുമായോ സംഘടനകളുമായോ യാതൊരു ചര്‍ച്ചയും ചെയ്ത് അഭിപ്രായം തേടുന്ന നടപടി ഉണ്ടായില്ല. ഇടത് അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിലാണ് കോര്‍ട്ട് ഫീസ് വര്‍ധനവിന് ശിപാര്‍ശ തയ്യാറാക്കിയത്. കോര്‍ട്ട് ഓഫീസ് വര്‍ധിപ്പിച്ച് വരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി യോഗം ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. രഞ്ജിത്ത് ചന്ദ്രന് അധ്യക്ഷനായി. അഡ്വ. സി. ദിനേശ്, അഡ്വ. എന്‍. അരവിന്ദന്, അഡ്വ. ദയാ സിന്ധു ശ്രീഹരി, അഡ്വ. അനിമോന്, അഡ്വ. ഗുരുവായൂരപ്പന്, അഡ്വ. ശ്യാം, അഡ്വ. ഹരീഷ് കാട്ടൂര്‍, അഡ്വ. സുശീല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: