മുന്‍പൊക്കെ സാധാരണ യുഎസ്, യുകെ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്നൊക്കെയാണ് ബിസിനസുകാരുടെ സമ്പന്നമായ ജീവിതശൈലികളുടെ വാര്‍ത്തകള്‍ വരാറ്. അന്ന് നമ്മള്‍ അവരുടെ സമ്പന്നതയും അത് അവര്‍ ചെലവഴിക്കുന്ന രീതികളും കണ്ട് അമ്പരക്കാറുണ്ട്, അസൂയപ്പെടാറുണ്ട്.
ഇന്ത്യയില്‍ കയ്യിലുള്ള പണം അതുപോലെ ചെലവഴിക്കുകയും ചെയ്യുന്ന കുടുംബമാണ് അംബാനി കുടുംബം. ധിരുഭായ് അംബാനി എന്ന ബിസിനസുകാരന്‍ സൃഷ്ടിച്ച സാമ്രാജ്യം അദ്ദേഹത്തിന്റെ മകന്‍ മുകേഷ് അംബാനിയില്‍ എത്തുമ്പോള്‍ വീണ്ടും എത്രയോ മടങ്ങായി വളര്‍ന്നു. ഇന്ന് ലോകത്തിലെ ശതകോടീശ്വരന്മാര്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍കുന്ന പേരാണ് മുകേഷ് അംബാനിയുടേത്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ചൈനയുടെയോ സിംഗപ്പൂരിന്റെയോ ബിസിനസ് മാഗ്നറ്റുകളല്ല, മുകേഷ് അംബാനിയാണ്.
മറ്റ് ബിസിനസുകാരില്‍ നിന്നും അംബാനി കുടുംബത്തിന്റെ സംസ്കാരം വ്യത്യസ്തമാണ്. സ്വന്തം സമ്പന്നത ഒളിച്ചുവെയ്‌ക്കുന്ന സ്വഭാവം അവര്‍ക്കില്ല. പകരം അത് അവര്‍ സമൂഹത്തിന് മുന്‍പില്‍ തുറന്നു കാട്ടുന്നവരാണ്. മുകേഷ് അംബാനിയുടെ സമ്പത്തിന്റെ അടയാളമാണ് മുബൈ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആന്‍റില എന്ന 568 അടി ഉയരമുള്ള 200 കോടി ഡോളറില്‍ കെട്ടിപ്പൊക്കിയ ആഡംബര വീട്. മുകേഷ് അംബാനി അവരുടെ മകനായ ആകാശ് അംബാനി, മകള്‍ ഇഷ അംബാനി എന്നിവരുടെ വിവാഹം നടത്തിയത് കോടികള്‍ ചെലവഴിച്ചാണ്. ഇഷയുടെ വിവാഹത്തിന് 700 കോടി ചെലവഴിച്ചിരുന്നു. ആകാശ് അംബാനിയുടെ വിവാഹത്തിന് ചെലവഴിച്ചത് 800 കോടിയാണ്. ഇപ്പോള്‍ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് ചെലവഴിക്കുന്നത് 5000 കോടിയാണെന്ന് ചില മാധ്യമക്കണക്കുകള്‍ പറയുന്നു. ജസ്റ്റിന്‍ ബീബര്‍ എന്ന പോപ് ഗായകന് വിവാഹത്തിന് മുന്‍ പ് സംഗീതപരിപാടി നടത്താന്‍ ചെലഴിച്ചത് 83 കോടി രൂപ എന്ന് പറഞ്ഞാല്‍ തന്നെ ഈ ആഡംബര വിവാഹത്തിന്റെ സ്വഭാവം മനസ്സിലായോ?
മക്കളുടെ വിവാഹം ഇത്രയും ആഡംബരമായി നടത്തുന്നതിനെതിരെ പല വിമര്‍ശനങ്ങളും ഉയരാറുണ്ട്. ഈയിടെ അതേക്കുറിച്ച് ഒരു ചര്‍ച്ച നടന്നപ്പോള്‍ ഒരു വിദഗ്ധന്‍ പറഞ്ഞത് ഇന്ത്യ ലോക സമ്പന്നരാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയരുന്നു എന്നതിന്റെ തെളിവാണ് മുകേഷ് അംബാനി നടത്തുന്ന ഈ ആഡംബര വിവാഹങ്ങള്‍ എന്നാണ്. കാരണം ഇന്നലെ വരെ അമേരിക്കയെപ്പോളുള്ള സമ്പന്നരാജ്യങ്ങളില്‍ മാത്രമാണ് ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നതെങ്കില്‍ ലോകത്തെ ഏത് സമ്പന്നനോടും കിടപിടിക്കുന്ന സമ്പന്നര്‍ ഇന്ത്യയിലും ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നാണ്. എന്താ തവിട്ടുനിറമുള്ള തൊലിയുള്ളവര്‍ക്കും ശതകോടീശ്വരനായിക്കൂടേ? എന്നാണ് ആ സാമ്പത്തികവിദഗ്ധന്‍ ചോദിച്ചത്.
അംബാനിയുടെ മകന്റെ വിവാഹത്തിന് സാംസങ്ങ് കമ്പനി ഉടമ മുതല്‍ ലോകത്തിലെ മിക്ക മികച്ച കമ്പനികളുടെയും ഉടമകള്‍ പങ്കെടുക്കുന്നു. അംബാനിയെ മോദിയുമായി ചേര്‍ത്തുവെച്ച് കുറ്റം പറയാറുള്ള മമത ബാനര്‍ജിയും കോണ്‍ഗ്രസിന്റെ സല്‍മാന്‍ ഖുര്‍ഷിദും ലാലുപ്രസാദ് യാദവും വരെ പങ്കെടുക്കുന്നു എന്നതിനര്‍ത്ഥം അംബാനിയെ ഭരണപക്ഷം പോലെ പ്രതിപക്ഷത്തിനും തള്ളാന്‍ കഴിയില്ലെന്നാണ്. എന്തായാലും ഇന്ത്യമാറുകയാണ്. ആഗോള സമ്പന്നരാഷ്‌ട്രങ്ങളുടെ ഭൂപടത്തിലേക്ക് ഇന്ത്യയും ഉയരുന്നതോടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരും അവരുടെ വരവ് അറിയിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: