തിരുവനന്തപുരം: കൊളംബോയിലെയും സിംഗപ്പൂരിലെയും ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖങ്ങളോട് മത്സരിക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍.
പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം. മുടങ്ങിക്കിടന്ന പദ്ധതി യാഥാര്‍ത്ഥ്യമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തിലൂടെയുള്ള ഇടപെടലുകള്‍ കൊണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകാന്‍ ഭാരതം തയ്യാറെടുക്കുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന് കൂടുതല്‍ ഊര്‍ജം പകരും.
തുറമുഖ പദ്ധതി പതിറ്റാണ്ടുകളോളം മുടങ്ങിക്കിടന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നയിച്ചു. രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട സംരംഭമാണ് സാഗര്‍മാല. 24,000 കോടിയിലധികം രൂപയുടെ 55 പദ്ധതികളാണ് ഇതില്‍ കേരളത്തിലുള്ളത്. 5,300 കോടിയുടെ 19 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയായി. മറ്റുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലോകബാങ്കിന്റെ കണ്ടെയ്നര്‍ പോര്‍ട്ട് പെര്‍ഫോമന്‍സ് സൂചികയില്‍ കൊച്ചി തുറമുഖവുമുണ്ട്. ലോകത്തെ ഏറ്റവും മികച്ച നൂറ് തുറമുഖങ്ങളില്‍ സ്ഥാനം പിടിച്ച ഒമ്പത് ഇന്ത്യന്‍ തുറമുഖങ്ങളിലൊന്നാണ് കൊച്ചിന് പോര്‍ട്ട് അതോറിറ്റി. മലയാളികള്‍ നല്ല മനസുള്ളവരും ആതിഥ്യ മര്യാദയുള്ളവരുമാണ്. മലയാളികളുടെ ഊഷ്മള വരവേല്പ്പിന് നന്ദിയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: