“സ്വര്‍ഗ്ഗപുതി നവരാത്രി സ്വര്‍ണ്ണം പതിച്ച നിന് സ്വരമണ്ഡപത്തിലെ….”…നിഴലാട്ടം എന്ന സിനിമയില്‍ വയലാര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത് യേശുദാസ് ആലപിച്ച ഈ ഗാനം ഒരു എവര്‍ഗ്രീന്‍ ഗാനമാണ്. വെറും വില്ലനായി മാറുന്നതിന് മുന്‍പ് നായകനാകാന്‍ ശ്രമിച്ച ജോസ് പ്രകാശ് ആണ് ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്.
ഈ ഗാനം ദേവരാജന്മാസ്റ്റര് ചിട്ടപ്പെടുത്തിയത് മോഹനം എന്ന കര്‍ണ്ണാടക സംഗീതത്തിലെ രാഗത്തിലാണ്. മോഹനം രാഗത്തോട് ഒരു പ്രത്യേക ഇഷ്ടം ദേവരാജന്‍ മാസ്റ്റര്‍ക്ക് ഉണ്ട്. ഒരു രാഗത്തിലാണെങ്കിലും രണ്ടു പാട്ടുകള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിച്ച സംഗീതസംവിധായകനാണ് ദേവരാജന്‍ മാസ്റ്റര്‍.
32 സിനിമാഗാനങ്ങള്‍ മോഹനം രാഗത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകനാണ് ജി. ദേവരാജന്‍. എല്ലാ പാട്ടുകളുടെയും രാഗം മോഹനമാണെങ്കിലും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ വ്യത്യസ്തമാണ് അവ.
അതില്‍പ്പെട്ട ചില എണ്ണം പറഞ്ഞ സിനിമാഗാനങ്ങള്‍ ഇവയാണ്:
സത്യവാന് സാവിത്രി എന്ന സിനിമയിലെ ‘നീലാംബുജങ്ങള്‍ വിടര്‍ന്നു…’ . ശ്രീകുമാരന്‍ തമ്പി രചിച്ച് യേശുദാസ് പാടിയ ഗാനം.
കടല്‍പ്പാലം എന്ന സിനിമയിലെ ‘ഉജ്ജയിനിയിലെ ഗായിക, ഉര്‍വ്വശിയെന്നൊരു മാളവിക’. പി.ലീല പാടിയ ഈ ഗാനം രചിച്ചത് വയലാര്‍.
ശകുന്തള എന്ന സിനിമയില്‍ മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ, പുള്ളിമാനേ
ഭാര്യ എന്ന സിനിമയില്‍ എ.എം. രാജയും പി.സുശീലയും ചേര്‍ന്ന് പാടിയ വയലാര്‍ രചിച്ച നിത്യഹരിത ഗാനം പെരിയാറേ പെരിയാറേ പര്‍വ്വതനിരയുടെ പനിനീരേ…,
നദി എന്ന സിനിമയിലെ കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിടരും.
അക്കരപ്പച്ച എന്ന സിനിമയിലെ ഏഴരപ്പൊന്നാനാ പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പാ…
അശ്വമേധം എന്ന സിനിമയിലെ ഏഴ് സുന്ദര രാത്രികള്‍,
ഒതേനന്റെ മകന് എന്ന സിനിമയില്‍ ഗുരുവായൂരമ്പല നടയില്‍,
വിവാഹിത എന്ന സിനിമയിലെ ദേവലോക രഥവുമായി തെന്നലേ…
കഴിത്തോഴന് എന്ന സിനിമയിലെ പി. ഭാസ്കരന് രചിച്ച് പി. ജയചന്ദ്രന് അനശ്വരമാക്കിയ ഗാനമായ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു തുടങ്ങി എണ്ണം പറഞ്ഞ എത്രയോ മോഹനരാഗത്തിലെ ഗാനങ്ങള്‍ ഇന്നും പുതുമയോടെ നമ്മെ പുണരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: