തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ ന്യായീകരണം. വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ച് മാത്യു കുഴല്നാടന് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പരാമര്‍ശം.
സ്റ്റുഡന്‍സ് മൈഗ്രേഷന്‍ ആഗോള പ്രതിഭാസമാണ്. ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണ്. രാജ്യത്തെ ആകെ കുടിയേറ്റത്തിന്റെ നാലു ശതമാനം മാത്രമാണ് കേരളത്തില്‍. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. അന്താരാഷ്ട്ര തലത്തില്‍ സര്‍വകലാശാലയുടെ കീര്‍ത്തി വര്‍ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വേയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിനു പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം.
മന്ത്രിയുടെ പരാമര്‍ശത്തോടെ സഭ കലുഷിതമായി. മന്ത്രിമാരായ എം.ബി. രാജേഷുമായും ആര്. ബിന്ദുവുമായും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കൊമ്പുകോര്‍ത്തു. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തില്‍ പുച്ഛമെന്ന് എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷനേതാവ് തനിക്കുനേരെ വിരല്‍ ചൂണ്ടി സംസാരിച്ചെന്ന് ആര്. ബിന്ദു ആരോപിച്ചു. ഇനിയും വിരല്‍ ചൂണ്ടി സംസാരിക്കുമെന്ന് വി.ഡി. സതീശന് തിരിച്ചടിച്ചു. രംഗം തണുപ്പിക്കാന്‍ ഇടയ്ക്കിടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഇടപട്ടെങ്കിലും ഫലവത്തായില്ല. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: