കൊല്ലം: വ്യാജ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്കി വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്ന് വന്‍തുക തട്ടുന്ന കെണിയില്‍ അകപ്പെട്ട് കൂടുതല്‍ വിദ്യാര്‍ഥികള്‍. കൊല്ലം ബിഷപ്പ് ജെറോം നഗറിന് സമീപമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും പണം തട്ടിയത്. സ്വകാര്യ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡിഎംഎല്‍ടി) കോഴ്സിന് ചേര്‍ന്നവരാണ് തട്ടിപ്പിനിരയായത്.
ഒരു ലക്ഷമായിരുന്നു ഫീസ്. എന്നാല്‍ ത്രയും പണം ചെലവാക്കി കോഴ്സ് പഠിച്ചിട്ടും ഒരു സ്ഥാപനങ്ങളും ഈ സര്‍ട്ടിഫിക്കേറ്റിനെ അംഗീകരിക്കുന്നില്ല എന്ന പരാതി വ്യാപകമാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയും ഇത്തരത്തില്‍ പരാതി ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ നിരുത്തരവാദിത്വം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ 2 കോഴ്സുകളാണ് സ്ഥാപനത്തിലുള്ളത്. എല്ലാ ബാച്ചുകള്‍ക്കും കൂടി ഒരു അധ്യാപികയാണുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത് ശിക്ഷക് സമാജ് എന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അഡ്മിഷന് സമയത്ത് ഭാരത് സേവക് സമാജ് എന്ന സര്‍ട്ടിഫിക്കേറ്റ് ലഭിക്കുമെന്നാണ് അധികൃതര്‍ ധരിപ്പിച്ചിരുന്നത്.
കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ ഗവണ്മെന്റിന്റെ കീഴില്‍ കര്‍ണാടക രജിസ്ട്രേഷന് ചെയ്തതാണെന്നായിരുന്നു അധികൃതരുടെ മറുപടി. തുടര്‍ന്ന് പനയം സ്വദേശിയായ വിദ്യാര്‍ഥിനി രജിസ്ട്രേഷനായി ഡിഎംഒയിലെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയുന്നത്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുമായി ജോലിയുടെ ആവശ്യത്തിന് ഏത് ലാബില്‍ ചെന്നാലും ട്രയിനിങ് പോലും അസാധ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഒരേ കോഴ്സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും ആരോപണങ്ങളുണ്ട്. കണക്കിലില്ലാത്ത പണം എക്സാം ഫീസായി അധികൃതര്‍ കൈപ്പറ്റിയതായും ആക്ഷേപം ഉയരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിദ്യാര്‍ഥിനി പരാതി നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ ഇത്തരം വ്യാജ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: