ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുടെ ആക്രമണത്തിനു ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്രം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ എന്നിവര്‍ ശക്തമായ ഭാഷയിലാണ് ആക്രമണത്തെ അപലപിച്ചത്. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
കത്വ ബദ്നോട്ടയിലെ ഭീകരാക്രമണത്തില്‍ നമ്മുടെ ധീരരായ അഞ്ച് സൈനികര്‍ക്ക് ജീവന് നഷ്ടമായതില്‍ അഗാധമായി ദുഃഖിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചു. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്കരമായ സമയത്ത് രാഷ്ട്രം അവരോടൊപ്പം ഉറച്ചുനില്‍ക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു, അദ്ദേഹം എക്സില്‍ തുടര്‍ന്നു.
ഭീകരരുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഉറച്ച പ്രതിരോധ നടപടികള്‍ ആവശ്യമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്സില്‍ കുറിച്ചു. സൈനികരുടെ വാഹന വ്യൂഹത്തിനു നേരേ ഭീകരര്‍ നടത്തിയ ആക്രമണം അപലപനീയമാണ്, അത് ശക്തമായ തിരിച്ചടിയര്‍ഹിക്കുന്ന ഭീരുത്വമാണ്. വീരമൃത്യു വരിച്ച ധീരരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു, രാഷ്ട്രപതി തുടര്‍ന്നു.
അഞ്ചു ധീരഹൃദയരുടെ ജീവത്യാഗത്തിനു കാരണമായവര്‍ക്ക് തിരിച്ചടി നല്‍കുമെന്നും ആക്രമണത്തിനു പിന്നിലെ ദുഷ്ടശക്തികളെ ഭാരതം പരാജയപ്പെടുത്തുമെന്നും പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ പറഞ്ഞതായി പ്രതിരോധ വക്താവ് ഭരത് ഭൂഷണ് ബസു എക്സില്‍ കുറിച്ചു.
തിങ്കളാഴ്ചയാണ് സൈനിക വാഹന വ്യൂഹത്തിനു നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എം നാല് കാര്‍ബൈന്‍ റൈഫിളുകളും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും മറ്റു വെടിക്കോപ്പുകളും ഭീകരര്‍ സൈനികര്‍ക്കു നേരേ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: