ന്യൂദല്ഹി: ഹിന്ദു സമൂഹത്തോടും ശബരിമലയടക്കമുള്ള ഹൈന്ദവ തീര്ഥാടന കേന്ദ്രങ്ങളോടുമുള്ള ഇടതു സര്ക്കാരിന്റെ അവഗണന തുടരുന്നു. ശബരിമല തീര്ഥാടകര്ക്കു നിലയ്ക്കല്-പമ്പ റൂട്ടില് സൗജന്യ യാത്രയൊരുക്കാന് അനുമതി തേടി വിശ്വഹിന്ദുപരിഷത്ത് സമര്പ്പിച്ച ഹര്ജിയെ എതിര്ത്ത് സംസ്ഥാന സര്ക്കാര് സുപ്രീംകോടതിയില് സത്യവാങ്മൂലം നല്കി. ഹര്ജി തള്ളണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു.
സുരക്ഷിതവും സുഖപ്രദവും കുറഞ്ഞ നിരക്കിലുള്ളതുമായ യാത്രയാണ് കെഎസ്ആര്ടിസി ഒരുക്കുന്നതെന്ന് സംസ്ഥാന സര്ക്കാര് സത്യവാങ്മൂലത്തില് പറയുന്നു. നിലയ്ക്കല്-പമ്പ റൂട്ടില് ബസ് സര്വീസിന് കെഎസ്ആര്ടിസിക്ക് മാത്രമാണ് അധികാരം. ബസുകള് വാടകയ്ക്കെടുത്തു സര്വീസ് നടത്തണമെന്ന ഹര്ജിക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ല. ഇതു പെര്മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും എതിര് സത്യവാങ്മൂലത്തില് പറയുന്നു.
മണ്ഡല-മകരവിളക്കു കാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും മാസ പൂജയ്ക്കു നട തുറക്കുമ്പോഴും തീര്ഥാടകര്ക്കായി വിപുലമായ സൗകര്യങ്ങളാണ് കെഎസ്ആര്ടിസി ഒരുക്കുന്നതെന്ന അവകാശവാദവുമുണ്ട്. സംസ്ഥാനത്തെ 97 ഡിപ്പോകളില് നിന്ന് ആവശ്യമായ ബസുകളും ജീവനക്കാരെയും സപ്പോര്ട്ടിങ് ജീവനക്കാരെയും എത്തിച്ചാണ് സര്വീസ്. ബസില് തീര്ഥാടകരെ നിര്ത്തി യാത്രയില്ല. വലിയ തിരക്കുള്ളപ്പോഴാണ് നിന്നു യാത്ര വേണ്ടി വരുന്നത്. വേണ്ടത്ര ബസുകളില്ലെന്ന വാദം തെറ്റാണ്. അമിത നിരക്ക് ഈടാക്കുന്നില്ല. സര്ക്കാര് ഉത്തരവു പ്രകാരമുള്ള പ്രത്യേക ചാര്ജ് മാത്രമാണ് ഈടാക്കുന്നതെന്നും എതിര് സത്യവാങ്മൂലത്തിലുണ്ട്. ഇന്നലെ ഹര്ജി പരിഗണിച്ച കോടതി അടുത്ത മാസത്തേക്കു മാറ്റി. വിഎച്ച്പിക്കു വേണ്ടി മുതിര്ന്ന അഭിഭാഷകന് വി. ചിദംബരേഷ് ഹാജരായി.
ലക്ഷക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന ശബരിമലയിലേക്ക് ആവശ്യത്തിനു ബസില്ലാത്തതിനാല് ഭക്തരുടെ ദുരിതങ്ങള് കാട്ടിയാണ് വിഎച്ച്പി കോടതിയെ സമീപിച്ചത്. ഭക്തര്ക്ക് 28-30 മണിക്കൂര് ക്യൂവില് നില്ക്കേണ്ടി വരുന്നു. കെഎസ്ആര്ടിസി ആവശ്യത്തിനു ബസുകള് ഓടിക്കുന്നില്ല, ഉള്ള ബസുകള് നല്ല നിലയിലല്ല. ഈ സാഹചര്യത്തില് ഭക്തരെ സഹായിക്കുന്നതിന് 20 ബസുകള് വാടകയ്ക്കെടുത്ത് സൗജന്യ സര്വീസിന് അനുവദിക്കണമെന്നാണ് വിഎച്ച്പി ആവശ്യപ്പെട്ടത്. നേരത്തേ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിക്കാത്തതിനെ തുടര്ന്നാണ് സുപ്രീംകോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: