തൃശൂര്‍ : മേയര്‍ എം കെ വര്‍ഗീസ് ഒഴിയണമെന്ന് സിപിഐ. തെരഞ്ഞെടുപ്പ് വേളയില്‍ മേയര്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും വീണ്ടും തുടര്‍ച്ചയായി മേയര്‍ ഇത് തുടരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു.
ചെയ്യാന്‍ പാടില്ലാത്തത് മേയര്‍ ചെയ്യുന്നു. ഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയറാണ് സുരേഷ് ഗോപിയെ പുകഴ്ത്തുന്നതെന്ന് കെ കെ വത്സരാജ് പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചത്. അന്നത്തെ ധാരണ പ്രകാരമുളള കാലാവധി കഴിഞ്ഞു. പദവിയില്‍ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന മറ്റൊരു മേയര്‍ വരണം എന്നാണ് സിപിഐയുടെ നിലപാടെന്ന് കെ കെ വത്സരാജ് വ്യക്തമാക്കി.
മേയര്‍ എം കെ വര്‍ഗീസ് തിരുത്താന്‍ തയാറാവണമെന്ന് വത്സരാജ് ആവശ്യപ്പെട്ടു. എന്നാല്‍ മേയര്‍ക്കെതിരെയുള്ളത് സി പി ഐയുടെ അഭിപ്രായം ആണെന്നും മുന്നണിയുടെ അഭിപ്രായം അല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു.
ഇടതുമുന്നണി വിഷയം ചര്‍ച്ച ചെയ്യുമെന്ന് എം എം വര്‍ഗീസ് വ്യക്തമാക്കി. സിപിഎം പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മേയര്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയത് രാഷ്ട്രീയപരമായല്ലെന്നും എംഎം വര്‍ഗീസ് അഭിപ്രായപ്പെട്ടു.
പല ചടങ്ങുകളിലും സുരേഷ് ഗോപിയെ മേയര്‍ എം കെ വര്‍ഗീസ് പുകഴ്ത്തിയത് ഇടതു നേതാക്കളില്‍ അതൃപതിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: