മാന്നാര്‍: യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പോലീസിന്റെ പിടിയിലുള്ള രണ്ടുമുതല്‍ നാലുവരെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതി റിമാന്‍ഡ് ചെയ്ത ശേഷം കസ്റ്റഡിയില്‍ ലഭിച്ച മൂന്നു പ്രതികളും വിശദമായ ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ലെന്നാണു സൂചന. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇവരെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്നു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കസ്റ്റഡി കാലാവധി അവസാനിക്കുമ്പോള്‍ കാര്യമായ തെളിവുകള്‍ പോലീസിനു ശേഖരിക്കാനായിട്ടില്ല.
ഒന്നാംപ്രതിയും കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രയേലിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് വന്‍ സന്നാഹങ്ങളോടെയെത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോള്‍ കിട്ടിയ ദുര്‍ബലമായ തെളിവുകളില്‍ കൂടുതലായി മറ്റൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാല്‍, പോലീസ് യാതൊന്നും തന്നെ വ്യക്തമാക്കുന്നില്ല. സെപ്റ്റിക് ടാങ്കില്‍നിന്ന് ഒരു ഹെയര്‍ ക്ലിപ്പ്, അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ഒരു ലോക്കറ്റ്, കറുത്ത ഏതോ ചെറിയ വസ്തുക്കള്‍ എന്നിവയാണ് ലഭിച്ചത്. ഇത് ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയെങ്കിലെ കലയുടെ കൊലപാതകവുമായി ഇതിനെ ബന്ധിപ്പിക്കാനും സാധിക്കൂ.
അതേസമയം കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും പോലീസിന് വിജയിക്കാനായില്ല. നിലവില്‍ അനിലിനാ
യി പോലീസ് ബ്ലൂ കോര്‍ണര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചത് മാത്രമാണ് നടപടി.
ചെന്നിത്തല ഇരമത്തൂരില്‍ മീനത്തേതില്‍ കലയെ 15 വര്ഷംമുന്പ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തത് പോലീസിനെയും കുഴയ്ക്കുകയാണ്. ഇന്റര്‍പോളിന്റെ സഹായം തേടുന്നതിന്റെ ആദ്യപടിയായി വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്കി. അനിലിനെ നാട്ടിലെത്തിച്ചെങ്കില്മാത്രമേ കേസിന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാകൂ. ഒട്ടേറെപ്പേരെ പോലീസ് ഇതിനോടകം ചോദ്യംചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരായ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കും മാന്നാര്‍ സിഐക്കും സ്ഥലംമാറ്റത്തിന് ഉത്തരവിറങ്ങിയിട്ടുണ്ട്. അതിനാല്‍ പുതിയതായി വരുന്നവര്‍ കാര്യമായി അന്വേഷിക്കട്ടെ എന്ന രീതിയില്‍ മെല്ലപ്പോക്ക് നടത്തുന്നതായും ആക്ഷേപമുണ്ട്.
അനിലുമായി ബന്ധമുള്ള സംസ്ഥാനത്തിനു പുറത്തുള്ളവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിനായി സംസ്ഥാനത്തിനു പുറത്തേക്കു പോകാനും
പോലീസ് ആലോചിക്കുന്നു. കസ്റ്റഡിയിലുള്ള പ്രതികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നതായി പോലീസിന് സംശയമുണ്ട്. പ്രതികള്‍ ഒന്നിച്ചായാല്‍ പുതിയ കഥകള്‍ മെനയുമെന്ന സംശയത്തില്‍ ഇവരെ മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: