നമ്മുടെ നാടായ കേരളത്തില്‍ മാത്രം ഉണ്ടായിരുന്ന നാടന്‍ നെല്ലിനങ്ങള്‍:
ചെന്നെല്ല്, കരിഞ്ചന്നെല്ല്, കുട്ടിവിത്ത്, കുറുഞ്ഞി, കോഴിവാലന്‍, വെള്ളക്കോഴിവാലന്‍, പൊന്നാരിയന്‍, കഴമ, പറമ്പന്‍ കഴമ, മുണ്ടകന്‍, അരിക്കിരാലി, പയ്യനാടന്‍, ഒന്നിടിയന്‍, മൂവാലി, പുത്തനാടന്‍, മോടന്‍, ചെറുമാടന്‍, മലയുടുമ്പന്‍, കരിമ്പാല, ആരിയന്‍, കാളി, വട്ടന്‍, മുണ്ടപ്പള്ളി, നവര, കോഴിവാള, കുട്ടനാടന്‍, ചെപ്പിലക്കാടന്‍, കൂവളക്കാടന്‍, കുമ്പളവന്‍, ചെന്താര്‍മണിയന്‍, വെള്ളത്തായന്‍, കരിങ്കാളി, അരിക്കുറുമ, ആരിയങ്കാളി, തനിക്കാളി, ചേരണാലി, സ്വര്‍ണാലി, കറുത്ത എരുമക്കാലി, ചിറ്റേണി, കാടക്കഴുത്തന്‍, വെള്ളക്കുറുഞ്ഞി, കരിങ്കുറുഞ്ഞി, അന്നച്ചെമ്പാന്‍, കല്ലുണ്ടച്ചെമ്പാന്‍, ചെഞ്ചമ്പാന്‍, ഈര്‍ക്കിലിച്ചെമ്പാന്‍, കോതമ്പുചെമ്പാന്‍, വെട്ടികുട്ടാടന്‍, പാണ്ടി, ചെറുപാണ്ടി, ആനക്കൊമ്പന്‍, തുളുനാടന്‍, ചെറ്റാരിയന്‍, മണലാരിയന്‍, കറുത്ത, കുറുവ, പറമ്പന്‍, ചെറിയ പറമ്പന്‍, അയനി, ചെറിയാരിയന്‍, പൊക്കാളി, ചെറുപൊക്കാളി, കൂര, കാടക്കഴുത്തന്‍, കൊളവാഴ, വെള്ളകുട്ടാടന്‍ സീതഭോഗം, ഉഴുതുവിരട്ടി, എടക്കുറുമ, കാര, വശനം, ചെമ്പാവ്, മുളകുചെമ്പാവ്, ചീരകച്ചെമ്പാവ്, കല്‍ക്കുമ്മായന്‍, പൂങ്കാര, തിരുപ്പുകില്‍, കുങ്കുമച്ചെമ്പാവ്, വെളളക്കാരു, എളക്കാരു, പുഴുകുചെമ്പാവ്, ചെമ്പളം, പൂമ്പാള, മട്ടക്കാരു. കാരാരിയന്‍, പോരാരിയന്‍, കാസ്തകന്‍, മോടകന്‍, കാത്തക, വെളിയന്‍, നഗരി, മുല്ലരി, പുഴുക്കുത്തുവീരന്‍, ജീരകശാല, ഗന്ധകശാല, കൈരളി, പാണ്ടിക്കുറുക, ആമ്പന്‍, ചോവാല, പച്ചനെല്‍, ഇരിമ്പന്‍, ചൗവ്വരിയന്‍, നീര്‍ക്കണ്ണി, പാലക്കുറുക, തഴുകന്‍, പരന്നെല്‍, ചെറുവെള്ളരി, പാല്‍ക്കണ്ണി, കിളികാരി, തൊണ്ണൂറാന്‍, ഓടച്ചന്‍, ഉണിക്കുറുക എന്നിങ്ങനെ വിവിധയിനങ്ങള്‍. പലദേശത്തും പല പേരുകളാകാം ഉപയോഗത്തിലിരുന്നത്.
നമ്മുടെ നാടിന്റെ നെടുംതൂണാണ് കര്‍ഷകര്‍. രാജ്യത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും അവരുടെ ജീവിതത്തിലുടനീളം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു. ഇന്ത്യയില്‍, ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നു. അവര്‍ ഭക്ഷണവും കാലിത്തീറ്റയും മറ്റ് അസംസ്‌കൃത വസ്തുക്കളും ഉത്പാദിപ്പിക്കുന്നു. അവര്‍ നമ്മുടെ ജീവന്‍ രക്ഷിക്കുന്നവരാണെങ്കിലും, അവരുടെ പ്രയത്‌നത്തിന് പ്രതിഫലമായി അവര്‍ക്ക് ലഭിക്കുന്ന മൂല്യം വളരെ കുറവാണ്. കാര്‍ഷികോത്പാദനവും കൃഷിയും പലരും വെറുക്കുന്നു. ഒരു കര്‍ഷകനു ലഭിക്കുന്ന കുറഞ്ഞ ലാഭമാണ് ഇത്തരം മൂല്യത്തകര്‍ച്ചയുടെ പ്രധാന കാരണം. എല്ലാറ്റിനേക്കാളും പണത്തിന് പ്രാധാന്യം നല്‍കുന്ന ആളുകള്‍ക്ക് ഒരു കര്‍ഷകന്റെ യഥാര്‍ത്ഥ മൂല്യം ഇതുവരെ മനസ്സിലായിട്ടില്ല. തങ്ങളുടെ മേശയില്‍ ലഭിക്കുന്ന ഭക്ഷണം കര്‍ഷകരുടെ അധ്വാമാണെന്ന വസ്തുതയെക്കുറിച്ച് അവര്‍ ബോധവാന്മാരല്ല.
സാമ്പത്തിക സര്‍വേ 2020-21 പ്രകാരം മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വിഹിതത്തിന്റെ 20 ശതമാനം സംഭാവന ചെയ്തിരിക്കുന്നത് കൃഷിയാണ്. ഗോതമ്പും അരിയും കൊണ്ട് നിര്‍മ്മിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇന്ത്യയില്‍ താമസിക്കുന്നവരുടെ പ്രധാന ഉപഭോഗം. ഇന്ത്യയിലെ ഭൂരിഭാഗം കര്‍ഷകരും ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, അരി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വന്‍തോതിലുള്ള ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ ഉത്പാദനം കൂടാതെ പരുത്തി, കരിമ്പ്, തേയില, പാലുല്‍പ്പന്നങ്ങള്‍, ആടുമാംസം, മത്സ്യബന്ധനം, കോഴി തുടങ്ങിയവയുടെ ഉത്പാദനം ഇന്ത്യന്‍ കര്‍ഷകരുടെ മറ്റു കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ആഗോള ഉത്പാദനത്തിന്റെ 22 ശതമാനമുള്ള നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ പാലുത്പ്പാദകരാണ്. ലോകത്തിലെ ഏറ്റവും വലിയ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യവുമാണ്. മൊത്തത്തിലുള്ള പാല്‍ ഉത്പാദനം ജിഡിപിയില്‍ വളരെ പ്രധാനപ്പെട്ട സംഭാവനയാണ് നല്‍കിയത്. ഇന്ത്യയില്‍ കൃഷി ഒരിക്കലും എളുപ്പമുള്ള ജോലിയല്ല. കര്‍ഷകര്‍ക്ക് മണ്ണിന്റെ തരം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ സാഹചര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിപുലമായ അറിവ് ഉണ്ടായിരിക്കണം. വര്‍ദ്ധിച്ചുവരുന്ന വരുമാനത്തിനൊപ്പം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ധാന്യവിളകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയുടെ ഉത്പാദനത്തെയാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ പ്രധാനമായും ആശ്രയിക്കുന്നത്. അത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മണ്ണിനെ ജൈവസമ്പുഷ്ടമാക്കി, സുസ്ഥിരമായ കൃഷിരീതികളും മികച്ചവിത്തിനങ്ങളും നൂതനവും സുതാര്യവുമായ സാങ്കേതികവിദ്യകളും പരിപോഷിപ്പിക്കേണ്ടതുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനംചെയ്തിട്ടുള്ള ചെറുധാന്യക്കൃഷി വളരെ വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. കാരണം നെല്ലരിയോടൊപ്പമോ അതിനേക്കാള്‍ കൂടുതലോ ഗുണകരമായി വളരെക്കുറഞ്ഞ മുതല്‍മുടക്കും കുറഞ്ഞ കാലദൈര്‍ഘ്യവും അതിലുപരി ഗുണസമ്പുഷ്ടവുമാണ് ചെറുധാന്യങ്ങള്‍. ചെറിയ ചെറിയ കൃഷിയിടത്തിലും വീട്ടുവളപ്പിലും കൃഷിചെയ്യാനാകും. ഒരു കുടുംബത്തിനു വേണ്ടവ അവര്‍ക്കുതന്നെ കൃഷി ചെയ്‌തെടുക്കാനാകും. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും മണിച്ചോളം കൃഷിചെയ്യാന്‍ പറ്റിയ, മെച്ചപ്പെട്ട വിളവിനുമുള്ള അനുകൂലഘടകമായി കാണുന്നു. തെങ്ങിനിടവിളയായി കൃഷിചെയ്യാമെന്നതും ഇതിന്റെ മേന്മയാണ്.
ഗോതമ്പിനും അരിക്കും പകരമായി ഉപയോഗിക്കാമെന്നതും ചെറുധാന്യങ്ങളുടെ മറ്റൊരു മേന്മയാണ്. അരിപോലെതന്നെ ഉമികളഞ്ഞു വേവിച്ചെടുക്കാം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഔഷധമൂല്യമുള്ള ധാന്യത്തില്‍ നാരുകള്‍ കാത്സ്യം, ചെമ്പ് , മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി-3, ടാനിന്‍ എന്നിവയും നല്ലതോതില്‍ അടങ്ങിയിരിക്കുന്നു. ഈ ടാനിന്‍ ശരീരത്തിലെ അന്നജത്തെ ആഗിരണംചെയ്യുന്ന എന്‍സൈമുകുടെ ഉത്പാദനത്തെ തടയാന്‍ സഹായിക്കുന്നതിനാല്‍ ശരീരത്തിലെ ഇന്‍സുലിന്‍ നിമയന്ത്രണത്തിനും സഹായകമായി വര്‍ത്തിക്കുന്നുവെന്ന് വിദഗ്‌ദ്ധന്മാര്‍ അടയാളപ്പെടുത്തുന്നു. പശുക്കള്‍ക്കു കൊടുക്കാന്‍ പച്ചയും ഉണങ്ങിയതുമായ ബാക്കിഭാഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്.
എന്തുകൊണ്ട് കര്‍ഷകര്‍?
കര്‍ഷകര്‍ നമ്മുടെ ദേശീയ സമ്പത്താണെന്നതില്‍ സംശയമില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ അവര്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. ഒരു രാജ്യത്തിന്റെ മുഴുവന്‍ ജീവിതവും കര്‍ഷകരുടെ കൈകളിലാണ് ഭാരതത്തെപ്പോലുള്ള ഒരു വികസ്വരരാജ്യത്ത് കര്‍ഷകരുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനാണ് ഡിസംബര്‍ 23 കര്‍ഷകദിനമായി ആചരിക്കുന്നത്. 2001 മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ കര്‍ഷകര്‍ വഹിക്കുന്ന പങ്ക് എടുത്തുകാണിച്ചുകൊണ്ട് ഇത് ആഘോഷമാക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചു. നമ്മുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരണ്‍സിങ്ങിന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായി ഡിസംബര്‍ 23 കിസാന്‍ ദിവസായി തിരഞ്ഞെടുത്തു.
ഇന്ത്യന്‍ കര്‍ഷകരുടെ ഉന്നമനത്തിനായി വിവിധ ബില്ലുകള്‍ തയ്യാറാക്കി കാര്‍ഷികമേഖലയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം ഇന്ത്യയിലെ കാര്‍ഷികോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനു തീവ്രമായി ശ്രമിച്ചു.
നമ്മുടെ നാടിന്റെ നെടുംതൂണാണ് കര്‍ഷകര്‍. രാജ്യത്തു ജീവിക്കുന്ന എല്ലാവര്‍ക്കും അവരുടെ ജീവിതത്തിലുടനീളം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു. ഇന്ത്യയില്‍, ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നു. അവര്‍ ഭക്ഷണം, കാലിത്തീറ്റ, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. കര്‍ഷകന്റെ പ്രധാന വരുമാനമാര്‍ഗ്ഗവുമാണിത്. കൃഷി ഒരിക്കലും വെല്ലുവിളിയില്ലാത്ത ജോലിയല്ല. കാലാവസ്ഥാവ്യതിയാനവും പ്രകൃതിദുരന്തവും അവനെ ആത്മഹത്യയിലേക്കു നയിക്കുകയാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവനെ ചേര്‍ത്തുനിര്‍ത്തി, കടക്കെണിയില്‍ വീഴാതെ സംരക്ഷിക്കേണ്ടത് ഭരണാധികാരികളുടെ കര്‍ത്തവ്യമാണ്. ഇന്നത് നടക്കുന്നുണ്ടോയെന്ന് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. നമ്മുടെ കര്‍ഷകരില്ലെങ്കില്‍ നാടു മുഴുപ്പട്ടിണിയിലേക്കു വഴുതിവീഴും. അയല്‍സംസ്ഥാനം തരുമെന്ന സ്വപ്‌നം വെറും മിഥ്യയാണ്. അയലത്തുകാരന്റെ പറമ്പിലെ പുല്ലുകണ്ടിട്ട് ആടിനെ വളര്‍ത്തിയവന്റെ ഗതിയാവും സംഭവിക്കുന്നത്. കഠിനാധ്വാനവും വിശ്രമമില്ലാത്ത (വിത്തുമുതല്‍ വിത്തുവരെ) ദിനരാത്രങ്ങളും ആവശ്യമുള്ള ഒരു ദൈവികമായ തൊഴിലാണ് കൃഷിയെന്ന് പുതുതലമുറയെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.
കൃഷിയും പശുവും സത്യവും ശാസ്ത്രവും
വിശ്വസ്യ മാത്രോ ഗാവ്ഃ (പശു പ്രപഞ്ചമാതാവ്), ഗാവോ ഭഗഃ (പശു ഐശ്വര്യമാണ്) എന്ന് ഋഗ്വേദവും. കസ്യമാത്ര ന വിദ്ധ്യതേഃ ഗോസ്തു മാത്ര ന വിദ്ധ്യതേഃ (ലോകത്തിലെ അമൂല്യവും അതുല്യവുമായ വസ്തു ഏതാണോ അതു പശുവാണ്) എന്ന് യജ്ജൂര്‍വേദവും പറയുന്നു. പുരാണങ്ങളിലെ കാമധേനുവും നന്ദിനിയും വെറും മിത്തുകളായിരുന്നില്ല. പാല്‍ അമൃതിനു തുല്യമാണെന്ന് വേദകാലം മുതല്‍ പറഞ്ഞുവരുന്നു. വിശദീകരണം ഒട്ടും ആവശ്യമില്ല. കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം.
ഏറ്റവും തെറ്റുധരിക്കപ്പെട്ടതും ഏറ്റവും അപഹാസ്യം ഏറ്റുവാങ്ങേണ്ടിവന്നതുമായ ഒരു വസ്തുവാണു് ചാണകം! ഒരു കിലോ ചാണകത്തില്‍ അഞ്ച് മില്യണ്‍ മൈക്രോ ബാക്ടീരിയഅടങ്ങിയിട്ടുണ്ട്. മനുഷ്യനു ഹാനികരമായ കൃമികീടങ്ങളെ നശിപ്പിക്കാനുള്ള ശക്തി ചാണകത്തിനുണ്ട്.
പണ്ടത്തെ ആളുകള്‍ വീടിനകത്തും പുറത്തും ചാണകം മെഴുകിയിരുന്നു. ക്ഷേത്ര പൂജാദികാര്യങ്ങള്‍ക്കുള്ള ഭസ്മമുണ്ടാക്കിയിരുന്നത് ചാണകത്തില്‍നിന്നായിരുന്നല്ലോ. മണ്ണിനു ഫലപുഷ്ടിനല്‍കാന്‍ മറ്റൊരു പദാര്‍ത്ഥങ്ങള്‍ക്കും ചാണകം കഴിഞ്ഞിട്ടേയുള്ളു സ്ഥാനം. മാത്രമല്ല ഒരു പശുവിന്റെ ഒരു വര്‍ഷത്ത ചാണകത്തില്‍നിന്നു 300 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാന്‍ സാദ്ധ്യമാകുമെന്ന പഠനങ്ങള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അരിയും പശുവിന്‍ നെയ്യും ചേര്‍ത്ത പൂജാദ്രവ്യങ്ങള്‍ ഹവിസ്സായി അഗ്‌നിയില്‍ച്ചേരുമ്പോള്‍ പ്രപലിന്‍ ഓക്‌സൈഡ് എന്ന വായു ഉണ്ടാകുന്നു. വരള്‍ച്ച രൂക്ഷമായി നാടു നശിക്കുമ്പോള്‍ യാഗങ്ങള്‍ നടത്തി മഴപെയ്യിക്കുന്നതു ഭാരതത്തിന്റെ പൈതൃകസ്വത്തായി അങ്ഗീകരിച്ചിട്ടുണ്ടല്ലോ. മനുഷ്യനുള്‍പ്പെടെയുള്ള മറ്റു ജീവജാലങ്ങളുടെ വിസര്‍ജ്ജ്യങ്ങളില്‍ വിഷാംശവും ദോഷകരമായ ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്.
വേദകാലംമുതല്‍ ഇന്നുവരെ യാഗ, ഹോമാദികളിലെല്ലാം ചാണകം, ഗോമൂത്രം, പാല്‍, തൈര്, വെണ്ണ (പഞ്ചഗവ്യം) എന്നിവ ഒഴിച്ചുകൂടാനാകാത്ത പദാര്‍ത്ഥമാണ്. ക്ഷേതശ്രീകോവിലിനുള്ളില്‍ മറ്റേതൊരു ജീവിയുടേയും മേല്‍പ്പറഞ്ഞ വസ്തുക്കള്‍, ക്ഷേത്രമതില്‍ക്കകത്തുപോലും പ്രവേശിപ്പിക്കാന്‍ സാധ്യമല്ല. ഗോമൂത്രവും ഉത്തമൗഷധമാണ് ആയൂര്‍വേദത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഗോമൂത്രം. ഇതിന്റെ അനന്തസാദ്ധ്യതകള്‍ കണ്ടറിഞ്ഞ് വിദേശികള്‍ പലപ്പോഴായി ഇന്ത്യന്‍ ജനുസ്സുകളെ മുഴുവന്‍ കടത്തിക്കൊണ്ടുപോവുകയും അമൂല്യമായ ഗോമൂത്രത്തിന് പേറ്റന്റ് നേടുകയും ചെയ്തതായി വായിക്കാനിടയായി. തൊട്ടടുത്ത നാളുകളില്‍ത്തന്നെ ഇസ്രായേലില്‍ നിന്നു ചെറിയ ചെറിയ ആമ്പ്യൂളുകളില്‍ ഗോമൂത്രം വന്നുതുടങ്ങും. 300-350 രൂപവരെ വിലയാകുമെന്നാണറിവ്. വിദേശത്തു നിന്നായതുകൊണ്ട് അത് നമ്മള്‍ ഒരു മടിയുംകൂടാതെ വിലകൊടുത്തു വാങ്ങാന്‍ മടിക്കയുമില്ല.
നമ്മുടെ പൂര്‍വികര്‍ അപാരജ്ഞാനികളും ദീര്‍ഘവീക്ഷണമുള്ളവരും ആയിരുന്നു എന്നതിന് തെളിവാണ് ഇത്തരം അറിവുകള്‍. അന്നു ശാസ്ത്രീയമായി രേഖപ്പെടുത്താന്‍ പറ്റാതിരുന്നതുകൊണ്ട് വിശ്വാസത്തിന്റെ ഭാഗമായും ദൈവഹിതവുമൊക്കയായി രേഖപ്പെടുത്തി. ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി മുറുകെപ്പിടിക്കുകയാണു ചെയ്തുവന്നത്. ഒരു ജാതിക്കോ പ്രത്യേക മതവിഭാഗത്തിനോ വേണ്ടിയല്ലാതെ മാനവരാശിയുടെ മുഴുവന്‍ നന്മയുമാണ് ഇങ്ങനെ കരുതലോടെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്. പശു പ്രപഞ്ചമാതാവ് എന്ന് പറയുന്നതും ഇതുകൊണ്ടാണ്.
നൈട്രജന്‍, സള്‍ഫര്‍, അമോണിയ, ചെമ്പ്, ഇരുമ്പ്, യൂറിയ, യൂറിക്കാസിഡ്, ഫോസ്‌ഫേറ്റ്, സോഡിയം, പൊട്ടാസിയം, മംഗനീസ്, കര്‍ബോളിക് ആസിഡ്, കാല്‍സ്യം, സാള്‍ട്ട്, വൈറ്റമിന്‍ (എബിസിഡിഇ), മറ്റു മിനറല്‍സ്, ലാക്ടോസ്, എന്‍സൈയിംസ്, ജലം, ഹിപൂറിക്ക് ആസിഡ്, ക്രിയേറ്റിന്‍, ഔറും ഹൈഡ്രോക്‌സൈഡ്. ഇത്രയും മൂലകങ്ങള്‍ നാടന്‍ പശുക്കളുടെ മൂത്രത്തിലുണ്ട്. അതുകൊണ്ടാണ് നാടന്‍ പശുക്കളെപ്പോലെ നാടന്‍ കാളകളും മണ്ണിന്റെ കാവല്‍ക്കാര്‍ എന്നു പറയാന്‍ കാരണം. ഇത്രയും സവിശേഷങ്ങളായ മുലകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു വസ്തുവും ഭൂമിയില്‍ ഇല്ല. ഗോമൂത്രത്തിനു തുല്യം ഗോമൂത്രം മാത്രം.
(തുടരും)
(റിട്ട. കൃഷി ഫീല്‍ഡ് ഓഫീസറാണ് ലേഖിക)
















