ലഖ്നൗ: 121 പേരുടെ മരണത്തിനിടയാക്കിയ ഹാഥ്രസ് ദുരന്തത്തില്‍ ഭോലെ ബാബയുടെ രാഷ്ട്രീയ ബന്ധങ്ങളിലേക്കും അന്വേഷണം നീളുന്നു. ഭോലെ ബാബയുടെ സംഘടനക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ധനസഹായം ലഭിച്ചിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ദുരന്തത്തിനിടയാക്കിയ ചടങ്ങിന്റെ മുഖ്യസംഘാടകന്‍ ദേവ് പ്രകാശ് മധുകര്‍ അടുത്തിടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയിരുന്നതായും ഹാഥ്രസ് പോലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ മുഖ്യപ്രതിയായ ദേവ്പ്രകാശ് മധുകര്‍ വെള്ളിയാഴ്ച രാത്രി ദല്‍ഹി പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ഇയാളെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. ഭോലെ ബാബയുടെ പരിപാടികളിലെല്ലാം ധനസമാഹരണം നടത്തിയിരുന്നതും അത് കൈകാര്യം ചെയ്തിരുന്നതും മധുകറാണ്. ഇയാളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, ഫോണ്‍ വിളികള്‍ എന്നിവ വിശദമായി പരിശോധിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും യുപി പോലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പോലീസിന് സമഗ്രമായ അന്വേഷണം നടത്താമെന്നും എന്നാല്‍ ഹൃദ്രോഗിയായ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും മധുകറിന്റെ അഭിഭാഷകന് അറിയിച്ചു. ഒരു കോടതിയിലും മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടില്ല. കേസ് അന്വേഷണത്തില്‍ സഹകരിക്കാന്‍ മധുകര്‍ തയാറാണെന്നും അഭിഭാഷകന് പറഞ്ഞു.
കേസിന്റെ സമഗ്ര അന്വേഷണത്തിനായി റിട്ട. ജഡ്ജി ബ്രിജേഷ്കുമാര്‍ വാസ്തവയുടെ നേതൃത്വത്തില്‍ മൂന്നംഗ ജുഡീ. അന്വേഷണ കമ്മിഷന് രൂപീകരിച്ചു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ബാബയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. സംഭവത്തില്‍ ജുഡീ. അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ പ്രതികരിച്ചുകൊണ്ടുള്ള ഭോലെ ബാബയുടെ വീഡിയോ സന്ദേശം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
ദുരന്തത്തില്‍ അതീവ ദു:ഖിതനാണ്. ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നമുക്ക് നല്കട്ടെ. സര്‍ക്കാരിലും ഭരണത്തിലും വിശ്വസിക്കുക. ദുരന്തത്തിന് കാരണക്കാരായ ആരെയും വെറുതെവിടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. മരിച്ചവരുടെ കുടുംബത്തോടൊപ്പം നില്‍ക്കാനും പരിക്കേറ്റവരെ ജീവിതകാലം മുഴുവന്‍ സഹായിക്കാനും കമ്മിറ്റി അംഗങ്ങളോട് അഭിഭാഷകന് മുഖേന അഭ്യര്ഥിച്ചിട്ടുണ്ടെന്നുമാണ് വീഡിയോയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: